കൊഴുക്കട്ട ശനിയുടെ പാരമ്പര്യം; പ്രാർത്ഥനാപൂർവ്വം നമുക്കും ആചരിക്കാം

കൊഴുക്കട്ട ശനിയുടെ പാരമ്പര്യം; പ്രാർത്ഥനാപൂർവ്വം നമുക്കും ആചരിക്കാം

മാർ തോമാ നസ്രാണികൾ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിനെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ പീഡാനുഭവത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പ് ആചരിക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പൗരസ്ത്യ ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ പീഡാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. 


കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം, ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുന്നു.
കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 141-ആം സങ്കീര്‍ത്തനത്തിലെ വാചകം; നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായത്.


കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്. ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നല്കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും കരുതപ്പെടുന്നു. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ.
പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. 


ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്. അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്നു കൊഴുക്കട്ട. ശ്രേഷ്ഠമായ ഈ പാരമ്പര്യത്തെ നമുക്കും മുറുകെ പിടിക്കാം. മർത്തായും മറിയവും ഉണ്ടാക്കിയത് പോലെ ഒരുമയോടും ശ്രദ്ധയോടും പ്രാർത്ഥനയോടും കൂടി ഈ ഓശാന ശനിയാഴ്ച്ച നമുക്കും ഭവനങ്ങളിൽ കൊഴുക്കട്ട തയാറാക്കാം. 


കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം
ചേരുവകൾ:

തേങ്ങ ചിരകിയത്-1
ശർക്കര - 2 കട്ടകൾ
ഏലയ്ക്കാപ്പൊടി-1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം:

ഒരു പാനിൽ 1 കപ്പ് വെള്ളവും ശർക്കരയും കൂടി ചേർത്ത് അടുപ്പത്ത് വെക്കുക.
ശർക്കര നന്നായി ഉരുക്കി ഇടത്തരം ചൂടിൽ 10 മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കുക. അതിലേക്ക് നെയ്യും (ആവശ്യമെങ്കിൽ) തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഏലയ്ക്കാപ്പൊടിയും ജീരകവും ചേർത്ത് കൂട്ടിയിളക്കുക.
ഇനി തേങ്ങയിൽ ഉരുക്കിയ ശർക്കര ചേർത്ത് നന്നായി ഇളക്കി, തേങ്ങ ശർക്കര വലിച്ചെടുക്കുന്നത് വരെ ഇളക്കുക. ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കാൻ വെക്കുക.
(ശർക്കരക്ക് പകരം പഞ്ചസാര ചേർത്തും തേങ്ങ വിളയിച്ച് എടുക്കാവുന്നതാണ്.)
ഉപ്പും എണ്ണയും ചേർത്ത് വെള്ളം തിളപ്പിക്കുക.
തിളക്കുന്ന വെള്ളത്തിൽ സാവധാനം വറുത്ത അരിപ്പൊടി ചേർക്കുക.
തീ ഓഫ് ചെയ്ത് നന്നായി ഇളക്കുക. വെള്ളം കുറവാണെന്ന് കണ്ടാൽ കുറച്ച് ചൂടുവെള്ളം ചേർത്താൽ മതിയാകും.
ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ഒരു ഫോർക്ക് അല്ലെങ്കിൽ സ്പൂൺ കൊണ്ട് നന്നായി ഇളക്കുക ..
5 മിനിറ്റ് ഇത് അടച്ചു വെക്കുക. എന്നിട്ട് നന്നായി കുഴച്ച് മാവിനെ സോഫ്റ്റ് ആക്കുക.
കൈപ്പത്തിയിൽ അൽപം വെള്ളമോ എണ്ണയോ പുരട്ടുക.
ആദ്യം കുറച്ച് മാവ് എടുത്ത് ഒരു കുരിശ് ഉണ്ടാക്കുക.
ഒരു ഉരുള മാവ് എടുത്ത് ചെറുതായി പരത്തുക.
ഇതിലേക്ക് ഒരു സ്പൂണ് തേങ്ങ ഇട്ട് എല്ലാ വശങ്ങളും ഉറപ്പിച്ച് ചെറുതായി ഉരുട്ടുക.
കൊഴുക്കട്ടയും ഏറ്റവും മുകളിലായി ആദ്യം തയ്യാറാക്കിയ കുരിശും (ഇടിയപ്പം/ഇഡ്ലി മേക്കറിൽ) ആവിയിൽ വേവിച്ച് ചൂടോടെ വിളമ്പുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.