കീവ്: ഉക്രെയ്ന്‍ യുദ്ധഭൂമിയില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുമായി കീവില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഉക്രെയ്‌നുള്ള ദീര്‍ഘകാല പിന്തുണ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായി എംബസി വക്താവ് അറിയിച്ചിട്ടുണ്ട്.
ജോണ്‍സന്റെ കീവിലേക്കുള്ള സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ ലണ്ടനിലെ ഉക്രെയ്ന്‍ എംബസി ട്വിറ്ററിലൂടെ പുറത്തുവിട്ടപ്പോഴാണ് അദ്ദേഹം നഗരത്തിലുണ്ടെന്ന ആദ്യ സൂചനകള്‍ ലഭിച്ചത്.
റഷ്യ കിഴക്കന്‍ ഉക്രെയ്ന്‍ മേഖലകളില്‍ സന്നാഹം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം സുപ്രധാനമാണ്. റഷ്യക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന ഉക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബോറിസ് ജോണ്‍സന്‍ എത്തിയത്.
ഉക്രെയ്ന്‍ സര്‍ക്കാര്‍ പങ്കുവച്ച രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, രണ്ട് നേതാക്കളും കനത്ത സുരക്ഷയില്‍ കീവ് നഗര കേന്ദ്രത്തിലൂടെ നടക്കുന്നതു കാണാം.
ഉക്രെയ്‌ന് ആവശ്യമായ ആയുധങ്ങളും മറ്റ് സേവനങ്ങളും നല്‍കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.കെയുടെ 120 കവചിത വാഹനങ്ങളും ആന്റി-ഷിപ്പ് മിസൈലുകളും ഉക്രെയ്‌ന് നല്‍കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകളുണ്ട്.
യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വാന്‍ഡെര്‍ലെയ്ന്‍ ഉക്രെയ്‌നിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്യത്ത് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഉക്രെയ്‌നും അവിടെ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കുമായി 100 കോടി യൂറോ സഹായം യൂറോപ്യന്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നതായി ഇയു എക്‌സിക്യൂട്ടീവ് ഉര്‍സുല വാന്‍ഡെര്‍ലെയ്ന്‍ ബ്രസല്‍സില്‍ അറിയിച്ചിരുന്നു.
ഉക്രെയ്‌ന് ആവശ്യമായ സാമ്പത്തിക സഹായവും ബ്രിട്ടനും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെയുടെ മൊത്തം ലോണ്‍ ഗ്യാരന്റി 770 മില്യണ്‍ പൗണ്ടായി ഉയര്‍ത്തിയതായും ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പോരാട്ടത്തില്‍ യുകെ അചഞ്ചലമായി ഉക്രെയ്‌നൊപ്പം നില്‍ക്കുന്നുവെന്നും ദീര്‍ഘകാലത്തേക്ക് തങ്ങള്‍ അങ്ങനെതന്നെ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ തലസ്ഥാനമായ കീവില്‍ നിന്നും പിന്മാറിയ റഷ്യന്‍ സൈന്യം കിഴക്കന്‍ മേഖലയില്‍ ആക്രമണം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. സൂചനകള്‍ വന്നതിന് പിന്നാലെ ലുഹാന്‍സ്‌കീല്‍ നിന്നും എത്രയും വേഗം രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രദേശത്ത് പലതവണ വ്യോമാക്രമണ മുന്നറിയിപ്പ് പലതവണ മുഴങ്ങിയിരുന്നു. അതിനിടെ ഉക്രെയ്‌നിലെ പ്രത്യേക നടപടി ലക്ഷ്യം കണ്ടതായും വൈകാതെ തന്നെ അവസാനിക്കുമെന്നും റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.