ഹൊനിയാര: ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള സോളമന്‍ ദ്വീപുകളില്‍ ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്ന കരാര്‍ ഒപ്പുവച്ചതില്‍ ആശങ്ക അറിയിക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിനിധി ദ്വീപ് രാജ്യത്തെത്തും.
ഇന്‍ഡോ-പസഫിക് മേഖലയിലെ യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്ററായ കുര്‍ട്ട് കാംപ്‌ബെല്ലാണ് ഈ മാസം സോളമന്‍ ദ്വീപുകളില്‍ സന്ദര്‍ശനത്തിനെത്തുന്നത്. കാംപ്‌ബെല്ലിനൊപ്പം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉന്നത ഉദ്യോഗസ്ഥനായ ഡാനിയല്‍ ക്രിറ്റെന്‍ബ്രിങ്കും ഉണ്ടാകും.
ഓസ്‌ട്രേലിയന്‍ തീരത്തുനിന്ന് 2000 മൈല്‍ മാത്രം അകലെയുള്ള, ദക്ഷിണ പസിഫിക്കില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപുകളും ചൈനയുമായി സുരക്ഷാ സഹകരണ കരാര്‍ ഒപ്പുവച്ചതില്‍ യുഎസും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും കടുത്ത ആശങ്കയിലാണ്.
പോലീസ്, സൈനിക സഹകരണത്തിനുള്ള കരാറെന്നാണു വ്യാഖ്യാനമെങ്കിലും ചൈന അവിടെ സൈനിക താവളം തുറന്നേക്കുമോ എന്നാണ് ആശങ്ക. ഒപ്പുവയ്ക്കാന്‍ പോകുന്ന കരാറിലെ ചോര്‍ന്ന വിവരം അനുസരിച്ച് സോളമന്‍ ദ്വീപുകളിലെ സുരക്ഷാ കാര്യങ്ങളില്‍ സഹായിക്കാന്‍ ചൈനയുടെ പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എത്തും. ചൈനയുടെ കപ്പലുകളുടെ ഇടത്താവളമായും സോളമന്‍ ദ്വീപുകള്‍ മാറും. അതേസമയം ക്രമസമാധാനപാലനത്തില്‍ സഹായിക്കാനല്ലാതെ സൈനിക താല്‍പര്യമൊന്നും കരാറില്‍ ഇല്ലെന്നാണ് ചൈനയുടെ വിശദീകരണം.
എന്നാല്‍ സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം നിര്‍മിക്കില്ലെന്ന ചൈനയുടെ ഉറപ്പ് വിശ്വസനീയമല്ലെന്നും വ്യാജപ്രചാരണം മാത്രമാണെന്നും ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക രാജ്യത്തിന്റെ പ്രതിനിധികള്‍ വഴി സോളമന്‍ ദ്വീപുകളുടെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ചൈനീസ് നാവിക സാന്നിധ്യം ഓസ്ട്രേലിയന്‍ സൈന്യത്തിനു നേരേയുള്ള വാളാണെന്നും പ്രതിരോധ തന്ത്രങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടി വരുമെന്നും കഴിഞ്ഞ മാസം ഒരു മുതിര്‍ന്ന ഓസ്ട്രേലിയന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ ആഴ്ച, വിഷയത്തില്‍ ഓസ്ട്രേലിയയിലെ രണ്ട് ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സോളമന്‍ ദ്വീപുകളുടെ പ്രധാനമന്ത്രി മനാസെ സൊഗാവാരെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി പോള്‍ സൈമണ്‍, നാഷണല്‍ ഇന്റലിജന്‍സ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രൂ ഷിയറര്‍ എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.