2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയ ആതിഥ്യമേകും; മത്സരങ്ങള്‍ വിക്ടോറിയയില്‍

2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്  ഓസ്‌ട്രേലിയ ആതിഥ്യമേകും; മത്സരങ്ങള്‍ വിക്ടോറിയയില്‍

മെല്‍ബണ്‍: 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളാന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ഒരുങ്ങുന്നു. പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കായികമാമാങ്കത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. കായിക മത്സരങ്ങള്‍ വിക്ടോറിയയുടെ പ്രാദേശിക ടൗണുകളില്‍ നടക്കും. ഇത് ആദ്യമായാണ് രാജ്യത്തിന്റെ പ്രാദേശിക മേഖലകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ബല്ലാരത്ത്, ബെന്‍ഡിഗോ, ഗീലോംഗ്, ഗിപ്പ്സ്ലാന്‍ഡ്, ഷെപ്പാര്‍ട്ടണ്‍ എന്നീ സ്ഥലങ്ങളാണ് മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കായിക മത്സരങ്ങള്‍ക്കു പുറമേ സാംസ്‌കാരിക പരിപാടികളും ഷെപ്പാര്‍ട്ടണില്‍ അരങ്ങേറും.

ലോകത്തിലെ മൂന്നാമത്തെ വലിയ കായിക മാമാങ്കം നടത്താന്‍ ഓസ്‌ട്രേലിയയെ പരിഗണിച്ചതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതര്‍ക്ക് പ്രീമിയര്‍ നന്ദി പറഞ്ഞു. 'ഇത് വ്യത്യസ്തവും അപൂര്‍വവുമായ അനുഭവമായിരിക്കും. ഒരു വലിയ നഗരത്തിന് മധ്യത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുകള്‍ ഏറെയായിരിക്കും. എന്നാല്‍ പ്രാദേശിക ടൗണുകളിലും ഭംഗിയായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്-പ്രീമിയര്‍ ആന്‍ഡ്രൂസ് ബല്ലാരത്തില്‍ വച്ച് മാധ്യമങ്ങളോടു പറഞ്ഞു.

മത്സരങ്ങള്‍ നടക്കുന്ന മേഖലകളില്‍ മികച്ച നിലവാരമുള്ള പാര്‍പ്പിടങ്ങളും ലോകോത്തര കായിക സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ നിക്ഷേപമിറക്കും. ഇത് ഭാവിയിലും കായിക പരിപാടികള്‍ക്ക് പ്രയോജനം ചെയ്യും.

കോമണ്‍വെല്‍ത്ത് ഗെയിംസ് വിക്ടോറിയയുടെ സമ്പദ്വ്യവസ്ഥയിലേക്ക് മൂന്നു ബില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ഗെയിംസ് ആരംഭിക്കുന്നതിനു മുമ്പ് 600-ലധികം മുഴുവന്‍ സമയ തൊഴിലവസരങ്ങളും മത്സരങ്ങള്‍ നടക്കുമ്പോള്‍ 3,900 തൊഴിലവസരങ്ങളും അവസാനിച്ചതിന് ശേഷം 3,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കായിക മാമാങ്കത്തിനുള്ള ചെലവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാരംഭമായി 16 മത്സര ഇനങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ നഗരങ്ങളായ ഗോള്‍ഡ് കോസ്റ്റ്, സിഡ്‌നി, പെര്‍ത്ത്, ബ്രിസ്ബന്‍, മെല്‍ബണ്‍, എന്നിവിടങ്ങളില്‍ നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നിട്ടുണ്ട്.

'2032-ല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്‌ട്രേലിയയിലെ ബ്രിസ്ബനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.