കോണ്‍ഗ്രസിന് മുന്നില്‍ കടമ്പകള്‍ ഏറെ; വിഭാഗീയത അവസാനിപ്പിക്കാന്‍ നേരിട്ടിറങ്ങി സോണിയ

കോണ്‍ഗ്രസിന് മുന്നില്‍ കടമ്പകള്‍ ഏറെ; വിഭാഗീയത അവസാനിപ്പിക്കാന്‍ നേരിട്ടിറങ്ങി സോണിയ

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം വിഭാഗീയത രൂക്ഷമായ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സോണിയാ ഗാന്ധിയുടെ ശ്രമം വിജയം കാണുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അനുനയ നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടഞ്ഞു നില്‍ക്കുന്ന ജി 23 നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായിട്ടുള്ളത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം കബില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിമത പക്ഷം നിലപാട് കടുപ്പിച്ചിരുന്നു. ഇവരുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. സോണിയയുടെ നേതൃത്വത്തോട് വിമതര്‍ തല്‍ക്കാലം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ ശൈലിയോടുള്ള വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. രാഹുലുമായി ഇവര്‍ക്ക് സംസാരിക്കാനാവുന്നില്ല എന്ന പരാതിയുമുണ്ട്.

ഇതിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബ്ലോക്കിനെ ഏകോപിപ്പിക്കാനോ അവരുടെ യോഗം ചേരാനോ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇത് പ്രതിപക്ഷ നേതൃസ്ഥാനം ഫലപ്രദമായി വിനിയോഗിക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്ന സന്ദേഹം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടാകുവാന്‍ ഇടയായിട്ടുണ്ട്. ഫലത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷ ഐക്യ നീക്കങ്ങളെയും ദുര്‍ബലമാക്കിയിരിക്കുകയാണ്.

ഇതിനിടെ ചില പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, പഞ്ചാബ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരാണ് പ്രതിപക്ഷ ഐക്യനിരയ്ക്കായി കരുനീക്കങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് മറ്റൊന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എന്നതാണ് വാസ്തവം.


നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. ഇവിടങ്ങളില്‍ തന്നെ വിഭാഗീയത അതിശക്തമാണ്. രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലാണ് പ്രശ്നം. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തമാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. സച്ചിനെ പിണക്കി രാജസ്ഥാന്‍ നിലനിര്‍ത്തുക അസാധ്യമാണ് എന്നതിനാലും അശോക് ഗെലോട്ടിന് മുഖ്യമന്ത്രിയായി ഒരു ടേം നല്‍കിയതിനാലും ഇത്തവണ കൂടുതല്‍ പരിഗണന ലഭിക്കുക സച്ചിന്‍ പൈലറ്റിനു തന്നെ ആയിരിക്കും.

ഛത്തീസ്ഗഡിലും പ്രശ്നങ്ങളുണ്ട്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ടിഎസ് സിങ് ദേവും തമ്മിലാണ് ഭിന്നത. ഇവിടെ രണ്ടര വര്‍ഷത്തിന് ശേഷം തന്നെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നുവെന്ന് സിങ് ദേവിന്റെ വാദം. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ല. ആംആദ്മി പാര്‍ട്ടി സിംഗ് ദേവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അത് എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സമാന അവസ്ഥയിലാണ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനെതിരെ പാര്‍ട്ടി നേതാക്കള്‍ പരസ്യമായി രംഗത്തു വന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ജെഎംഎം ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. എന്‍സിപിയും ശിവസേനയും ഒരുപോലെ കോണ്‍ഗ്രസിന് അവഗണിക്കുന്നു എന്നതാണ് മഹാരാഷ്ട്രയിലെ പ്രശ്‌നം.

ഹരിയാന കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമാരി ഷെല്‍ജയെ മാറ്റണമെന്ന ആവശ്യത്തിലാണ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ.  എന്നാല്‍ ഇതംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിട്ടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കാനാണ് ഹൂഡയുടെ ശ്രമം. മകന്‍ ദീപേന്ദര്‍ ഹൂഡയെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം കൂടിയാണ് ഭൂപീന്ദര്‍ നടത്തുന്നത്.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഈ വര്‍ഷമാണ്. കോണ്‍ഗ്രസിന് വലിയ സാധ്യതയുള്ള സംസ്ഥാനങ്ങളല്ല ഇവ രണ്ടും. ഹിമാചലിലും തമ്മിലടി ശക്തമാണ്. നേതാക്കളോട് ഒന്നിച്ച് നില്‍ക്കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങളൊക്കെ മുന്നില്‍ കണ്ടാണ് സോണിയാ ഗാന്ധി പ്രശ്നം പരിഹാരത്തിന് ഇറങ്ങിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.