കേബിള്‍ കാറുകളില്‍ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചു, നാലു മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കേബിള്‍ കാറുകളില്‍ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചു, നാലു മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

റാഞ്ചി: ജാര്‍ഖണ്ഡിലെ ത്രികുട പര്‍വതത്തില്‍ റോപ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. വ്യോമ സേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ ഇന്ന് താഴേക്കു വീണു മരിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

40 മണിക്കൂറിലേറെ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടന്ന 50 പേരെയും രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രില്‍ 26 ന് ഹിയറിംഗ് നടത്തും. സംഭവത്തിന് പിന്നാലെ റോപ്പ് വേ മാനേജരും മറ്റ് തൊഴിലാളികളും അപകടസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. താഴേക്ക് പോവുകയായിരുന്ന കേബിള്‍ കാറുകളിലൊന്ന് മുകളിലേക്ക് വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സാങ്കേതിക തകരാര്‍ മൂലമാണ് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നും കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുട പഹറില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേയാണ് ത്രികുടിലേത്. ബാബ വൈദ്യനാഥ് ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള റോപ് വേയ്ക്ക് 766 മീറ്റര്‍ നീളമാണുള്ളത്. 25 ക്യാബിനുകളാണ് റോപ് വേയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.