മരണം മുന്നില്‍ കണ്ട നാല് ദിനങ്ങള്‍; അംബാ ബോയിസ് തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ഥികളെ മോചിപ്പിച്ചു

മരണം മുന്നില്‍ കണ്ട നാല് ദിനങ്ങള്‍; അംബാ ബോയിസ് തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ഥികളെ മോചിപ്പിച്ചു

കാമറൂണ്‍: സെമിനാരി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നതിനിടെ ബാച്ചുവോ എന്റായി മാംഫെയിലെ വിഘടനവാദികളായ അംബ ബോയിസ് തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ഥികളെ മോചിപ്പിച്ചു. കാമറൂണിലെ മാംഫെ രൂപതയിലെ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മേജര്‍ സെമിനാരിയിലെ 31 വൈദികരെയും ഇവരോടൊപ്പം തട്ടിക്കൊണ്ടുപോയ ഡ്രൈവറെയുമാണ് മോചിപ്പിച്ചത്.

വൈദിക വിദ്യാര്‍ഥികളെ വിട്ടുകിട്ടാന്‍ വിഘടനവാദികളുമായി നടത്തിയ നിരന്തര ചര്‍ച്ചകളെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ.ക്രിസ്റ്റഫര്‍ എബോക്ക പറഞ്ഞു. സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ പഠനം നടത്തുന്നവരാണ് ഇവര്‍.

ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയാണ് ഡ്രൈവറോടൊപ്പം 33 വൈദിക വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയത്. സെമിനാരിയുടെ പഴയ ക്യാമ്പസിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി ആദ്യ സംഘത്തെ എത്തിച്ച് ഡ്രൈവര്‍ മടങ്ങുന്നതിനിടെയാണ് വിഘടനവാദികള്‍ വാഹനം തടഞ്ഞ് ഡ്രൈവറെയും ക്യാമ്പസില്‍ നിന്നിരുന്ന വൈദിക വിദ്യാര്‍ഥികളെയും ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. ഇവരില്‍ രണ്ടുപേരെ അന്നു തന്നെ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്നവരെയാണ് തിങ്കളാഴ്ച്ച മോചിപ്പിച്ചത്.



2016 മുതല്‍ കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ അംബാസോണിയ റിപ്പബ്ലിക്കിന് സ്വാതന്ത്ര്യം അവകാശപ്പെടുന്ന സായുധ വിഘടനവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുകയും തട്ടിക്കൊണ്ടുപോകല്‍ നടത്തിവരികെയും ചെയ്യുന്നു.

2021 മെയ് 22 ന് മാംഫെ രൂപതയുടെ വികാരി ജനറലിനെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 41,356.00 യുഎസ് ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തിയതോടെ മെയ് 31 ന് വൈദികനെ മോചിപ്പിച്ചു.

''ആംഗ്ലോഫോണ്‍ മേഖലകളില്‍ സ്ഥിതി അതീവ രൂക്ഷമാണ്. പ്രത്യക്ഷത്തില്‍ ശാന്തമാണെങ്കിലും സ്ഥിതി അങ്ങനെയല്ല. ഞങ്ങള്‍ സേവനം ചെയ്യുന്ന മേഖലകളില്‍ അംബ ബോയിസ് ശക്തമാണ്. മരണത്തിന്റെ വക്കിലൂടെയാണ് ഓരോ ദിവസവും ഈ മേഖലകളില്‍ ശുശ്രൂഷയ്ക്കിറങ്ങുന്നത്''. ഫാ.ക്രിസ്റ്റഫര്‍ പറഞ്ഞു.

പണമാണ് അവരുടെ ആവശ്യം. ഇവിടെ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുന്ന വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും പിടികൂടുകയും പോക്കറ്റില്‍ പരിശോധന നടത്തി പണം കവര്‍ന്നെടുക്കുകയും ചെയ്യും. അംബാ ബോയിസില്‍ നിന്ന് നേരിടുന്ന ദൈനംദിന വെല്ലുവിളികള്‍ക്കിടയിലും ഞങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കില്ലെന്നും ഫാ.ക്രിസ്റ്റഫര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.