തിരുവനന്തപുരം: ഇന്ധന വിലക്കയറ്റം, വേനല്‍മഴ തുടങ്ങി വിപണിയിലെ വില വര്‍ധനക്ക് കാരണങ്ങള്‍ പലതാണ് പറയുന്നതെങ്കിലും സാധാരണക്കാരന് ഇത് വറുതിക്കാലം. വിഷു, ഈസ്റ്റര്‍, റമദാന്‍ കാലത്ത് ചുരുക്കം ചില പച്ചക്കറികള്‍ക്കൊഴികെ എല്ലാത്തിനും സംസ്ഥാനത്ത് വില കുതിക്കുകയാണ്.
അന്യായമായി വിലവര്‍ധിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചതല്ലാതെ ജില്ല ഭരണകൂടം കര്‍ശന ഇടപെടല്‍ നടത്തുന്നില്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ദേശമുണ്ടെങ്കിലും വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ ഇക്കാര്യം അവഗണിക്കുകയാണ്. കോവിഡിന്റെ ഒന്നും രണ്ടും തരംഗമുണ്ടായിരുന്ന വിഷുക്കാലത്ത് തീവില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ കിറ്റുകള്‍ നല്‍കുകയും പൊതുവിപണിയില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്നു.
നിലവില്‍ മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ പലതും കിട്ടുന്നില്ല. വിപണിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു കിലോക്ക് 36 രൂപയുണ്ടായിരുന്ന കുറുവ അരിക്ക് ഇപ്പോള്‍ 42 രൂപയായി.
ഇന്ധന വിലവര്‍ധന കാരണം ഇനിയും വില കുതിക്കുമെന്നാണ് വിപണിയില്‍നിന്നുള്ള സൂചന. റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വിന്‍റല്‍ കണക്കിന് അരിയാണ് വിപണിയില്‍ വിറ്റുപോകുന്നത്.
കോഴിയിറച്ചിയുടെ വിലയുടെ കുതിപ്പാണ്. വിഷു, ഈസ്റ്റര്‍, റമദാന്‍ കാലത്താണ് വിലക്കയറ്റം ഏറ്റവും വലിയ തിരിച്ചടിയാകുന്നത്.
ചരിത്രത്തിലാദ്യമായി കിലോക്ക് 250 രൂപയാണ് കോഴിയിറച്ചിയുടെ തീവില. മലബാറില്‍ വിഷുവിന് കോഴിയിറച്ചി നിര്‍ബന്ധമാണ്. ഈസ്റ്റര്‍ ആഘോഷങ്ങളിലും അവിഭാജ്യഘടകമാണ്. നോമ്പ് തുറകളിലും സ്ഥിരം സാന്നിധ്യമായ കോഴിയിറച്ചിയുടെ വില കുറക്കാന്‍ ഭരണകൂടത്തിനുപോലും കഴിയാത്ത അവസ്ഥയാണ്. കേരള ചിക്കന്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ സംരംഭവും തികച്ച പരാജയമായിരിക്കുകയാണ്.
വിഷുക്കണിയൊരുക്കാനുള്ള പ്രത്യേകതരം കണിവെള്ളരിക്കും ഇത്തവണ പൊന്നുംവിലയാണ്. സ്വര്‍ണവര്‍ണമുള്ള ലക്ഷണമൊത്ത കണിവെള്ളരിക്ക് മൊത്ത വിപണിയില്‍തന്നെ 50 രൂപ കൊടുക്കണം. വിഷുത്തലേന്ന് വില കുതിക്കാനാണ് സാധ്യത. ജില്ലയിലെ കര്‍ഷകരില്‍നിന്ന് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകാരാണ് കണിവെള്ളരി ശേഖരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തുമമ്പോള്‍ വില പിന്നെയും കൂടും.
പച്ചക്കറിവിപണിയിലെ പ്രധാനികളായ ഉള്ളിക്കും തക്കാളിക്കും ഉരുളക്കിഴങ്ങിനും വില കൂടിയിട്ടില്ലെന്നതാണ് ഏക ആശ്വാസം. ഉള്ളിക്ക് ചില്ലറ വിപണിയില്‍ 20 രൂപ മതി. ഉത്സവകാലത്ത് വസ്ത്രങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മുന്നറിയിപ്പൊന്നുമില്ലാതെ ഹോട്ടല്‍ ഭക്ഷണത്തിനും വില കയറ്റിയതോടെ ജനങ്ങളുടെ ദുരിതം പൂര്‍ണമാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.