സര്‍ക്കാര്‍ ചെയര്‍മാനൊപ്പം: കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനയുടെ സമ്മര്‍ദ്ദ തന്ത്രം പാളി

സര്‍ക്കാര്‍ ചെയര്‍മാനൊപ്പം: കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനയുടെ സമ്മര്‍ദ്ദ തന്ത്രം പാളി

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനയുടെ സമ്മര്‍ദ്ദ തന്ത്രം പാളി. സമരരംഗത്തുള്ള സി.പി.എം അനുകൂല സംഘടനയുടെ അതിരുവിട്ട സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും വികസനം മുന്നില്‍ക്കണ്ട് ചെയര്‍മാന് നിയമാനുസൃത തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോകിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും. സംഘടനാ നേതാക്കളുടെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ചെയര്‍മാന്‍ തീരുമാനമെടുക്കും. മാനേജ്മെന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ഒത്തുതീര്‍പ്പിന് ഇതോടെ വഴി തെളിഞ്ഞു.

ഇന്നലെ തിരുവനന്തപുരത്തെത്തിയ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് ചെയര്‍മാന്‍ ഡോ. ബി. അശോകിനെയും ധരിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

സര്‍ക്കാര്‍ നിലപാട് സി.ഐ.ടി.യു നേതാക്കള്‍ മുഖേന ഓഫീസേഴ്സ് അസോസിയേഷനെയും അറിയിച്ചു. തുടര്‍ന്ന് സസ്പെന്‍ഷനിലുള്ള അസോസിയേഷന്‍ പ്രസിഡന്റ് എം.ജി സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ബി. ഹരികുമാറും ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കി. ആദ്യം സസ്പെന്‍ഷനിലായ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജാസ്മിന്‍ ബാനുവിനെ ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തിരിച്ചെടുത്തേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.