ലോകം വിശുദ്ധവാരത്തിലൂടെ... ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന തിരക്കില്‍ ഉക്രെയ്‌നിലെ ദേവാലയങ്ങള്‍

ലോകം വിശുദ്ധവാരത്തിലൂടെ... ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന തിരക്കില്‍ ഉക്രെയ്‌നിലെ  ദേവാലയങ്ങള്‍

കീവ്: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പ് തിരുനാളിന് ഒരുക്കമായി വിശുദ്ധ വാരത്തിലൂടെ കടന്നുപോകുമ്പോള്‍ റഷ്യന്‍ അധിനിവേശത്തില്‍ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന തിരക്കിലാണ് ഉക്രെയ്‌നിലെ ദേവാലയങ്ങള്‍.

റഷ്യന്‍ സൈന്യം സാധാരണക്കാരെ കൂട്ടക്കുരുതി ചെയ്ത ബുച്ചയിലെയും മരിയുപോളിലെയും തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ദേവാലയ സെമിത്തേരികളില്‍ അടക്കം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് രാപകല്‍ അദ്ധ്വാനിക്കുന്നത്. മറ്റൊരു നഗരമായ മാകാരോവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയ ദേവാലയത്തിലെ കാഴ്ചകള്‍ ദയനീയമാണ്.

കുരിശുകളും, ജപമാലകളും, രൂപങ്ങളും മാകാരോവിലെ തകര്‍ന്ന ദേവാലയത്തില്‍ ചിതറിക്കിടക്കുകയാണ്. ദേവാലയത്തിലെ തകരാത്ത വിശുദ്ധ രൂപങ്ങളും മറ്റും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്ന് ഫാ. ബോഗ്ദാന്‍ ലിസെച്ചെങ്കോ പറഞ്ഞു.

ബൊറോഡിയാങ്ക എന്ന നഗരത്തിലും കാര്യങ്ങള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. റഷ്യന്‍ ബോംബിഗില്‍ തകര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍പ്പെട്ട് നിരവധിപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ സമീപത്തു സ്ഥിതിചെയ്യുന്ന ദേവാലയം കേന്ദ്രമാക്കിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അനേകരുടെ മൃതശരീരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം ചെയ്തു കഴിഞ്ഞു. ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി പ്രായമായവര്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദേവാലയത്തിന് മുന്നില്‍ തടിച്ച് കൂടിയിരിക്കുന്നത്.

ദേവാലയങ്ങള്‍, മുസ്ലീം പള്ളികള്‍, സിനഗോഗുകള്‍ ഉള്‍പ്പെടെ ഏതാണ്ട് അറുപതിലധികം ആത്മീയ കേന്ദ്രങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് മാര്‍ച്ച് അവസാനം ഉക്രെയ്ന്‍ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ബുച്ചയിലേയും മരിയുപോളിലേയും നാശനഷ്ടങ്ങള്‍ ഉള്‍പ്പെടുത്താത്ത കണക്കാണിത്. അവകൂടി കണക്കിലെടുത്താല്‍ നഷ്ടം ഇതിന്റെ പതിന്‍മടങ്ങ് വരുമെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.