സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍ രണ്ട് വിധത്തില്‍ നടപ്പാക്കാമെന്ന് ദൗത്യസംഘത്തിന്റെ ശുപാര്‍ശ

സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍ രണ്ട് വിധത്തില്‍ നടപ്പാക്കാമെന്ന് ദൗത്യസംഘത്തിന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നത് രണ്ടുവിധത്തില്‍ നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദൗത്യ സംഘം. നിയമം ആദ്യം വിജ്ഞാപനം ചെയ്യുക തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷം പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. വിവാഹപ്രായം ഓരോ വര്‍ഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനം ചെയ്ത് മൂന്നു വര്‍ഷത്തിനുള്ളില്‍ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി.

നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന് ജയ ജെയ്റ്റ്ലി അധ്യക്ഷയായ ദൗത്യസംഘത്തിന്റെ ശുപാര്‍ശയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധനയ്ക്കായി പാര്‍ലമെന്ററി സമിതിക്ക് വിട്ടു. സമിതിയുടെ അന്തിമ റിപ്പോര്‍ട്ടനുസരിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ലുവരാനാണ് സാധ്യത.

വനിതാ എം.പി.മാരോടും സംഘടനകളോടുമൊക്കെ സമഗ്ര ചര്‍ച്ച നടത്തി മാത്രമേ വിവാഹ പ്രായം ഉയര്‍ത്താവൂവെന്ന് വനിത-ശിശുക്ഷേമ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പക്വതനേടാന്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് സഹായിക്കുമെന്നാണ് ദൗത്യ സംഘത്തിന്റെ നിരീക്ഷണം. ലിംഗ അസമത്വം വലിയതോതില്‍ സമൂഹത്തിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷമേധാവിത്വം, പാരമ്പര്യ രീതികള്‍, ദരിദ്രമായ കുടുംബ സാഹചര്യം തുടങ്ങിയവയാണ് ശൈശവ വിവാഹങ്ങള്‍ക്കു കാരണം. ഇവ ഗൗരവമായി കാണണം.

വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, ജീവിതത്തിലെ നിര്‍ണായക തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കു തുല്യമായ അവകാശം പെണ്‍കുട്ടികള്‍ക്കും ഉണ്ടാവണം. പ്രായ പൂര്‍ത്തിക്കു മുമ്പുള്ള വിവാഹം പെണ്‍കുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെയും വ്യക്തി വികാസത്തെയും ബാധിക്കും. ഇതിനൊക്കെ മാറ്റം കൊണ്ടുവരാന്‍ 2006-ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നും സമിതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.