മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധ ബെര്‍ണാഡെറ്റെ

മാതാവിന്റെ ദര്‍ശനം ലഭിച്ച വിശുദ്ധ ബെര്‍ണാഡെറ്റെ

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 16

ബെര്‍ണാഡെറ്റേയ്ക്ക് പതിമൂന്ന് വയസുള്ളപ്പോള്‍, 1858 ല്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്ന കാലഘട്ടം. സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്ന അവള്‍ ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയപ്പോള്‍ അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു.

അതീവ പ്രഭയുള്ള ഒരു സുവര്‍ണ വെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ ആ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു.

കൂടാതെ വിസ്മൃതിയിലായ ഒരു ജലധാര വിശുദ്ധയെ കാണിക്കുകയും അവളുടെ കൂടെ ഏറെ നേരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്രമേണ ആ സ്ത്രി താന്‍ കന്യകാ മറിയമാണെന്ന സത്യം അവളോടു വെളിപ്പെടുത്തി.

1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ ഈ ദര്‍ശനം തുടര്‍ന്നു. 18 പ്രാവശ്യത്തോളമാണ് പരിശുദ്ധ അമ്മ അവള്‍ക്ക് ദര്‍ശനം നല്‍കിയത്. ഈ ദര്‍ശനങ്ങളില്‍ ചിലത് സംഭവിക്കുമ്പോള്‍ അവള്‍ക്കു പുറമേ നിരവധി ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. പക്ഷേ, അവരാരും മാതാവിനെ കാണുകയോ, മാതാവിന്റെ സംസാരം കേള്‍ക്കുകയോ ചെയ്തില്ല.

ആ ജില്ലയില്‍ വ്യാജ ദാര്‍ശനികന്‍മാര്‍ ഏറെയുള്ള കാലഘട്ടമായിരുന്നു അത്. അതിനാല്‍ തന്നെ സഭാധികാരികള്‍ ബെര്‍ണാഡെറ്റെയുടെ അനുഭവങ്ങളെ അത്ര ഗൗരവത്തോടുകൂടി കണ്ടിരുന്നില്ല. കുറച്ച് കാലങ്ങളോളം ചിലയാളുകള്‍ അവളെ സംശയദൃഷ്ടിയോടു കൂടി വീക്ഷിക്കുകയും അവിശ്വസിക്കുകയും ചെയ്തു. മറ്റ് ചിലരാകട്ടെ ഏറെ ആകാംക്ഷയോടെ അവളെ ശ്രദ്ധിക്കുകയും ചെയ്തു;

1866 ല്‍ അവള്‍ നെവേര്‍സിലുള്ള സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സഭയില്‍ ചേര്‍ന്നു. അപ്പോഴേക്കും ആസ്ത്മാ എന്ന രോഗം അവളെ പിടികൂടിയിരുന്നു. 'ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ട് പോകുന്നു' എന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു. അതെന്താണ് എന്ന ചോദ്യത്തിന് 'എപ്പോഴും രോഗിയായിരിക്കുക' എന്നതായിരുന്നു വിശുദ്ധയുടെ മറുപടി. അപ്രകാരം സ്വയം ത്യാഗത്തിന്റേതായ ജീവിതം നയിച്ചു പോന്ന ബെര്‍ണാഡെറ്റെ തന്റെ 35 ാമത്തെ വയസില്‍ മരണപ്പെട്ടു.

ലൂര്‍ദിലെ അത്ഭുതങ്ങളില്‍ ഒന്നും വിശുദ്ധ ബെര്‍ണാഡെറ്റെ പങ്കാളിയായിരുന്നില്ല. അവളുടെ ദര്‍ശനങ്ങളുടെ ഫലമായിട്ടല്ലായിരുന്നു അവള്‍ക്ക് വിശുദ്ധ പദവി ലഭിച്ചത്. മറിച്ച് ലാളിത്യവും ജിവിതകാലം മുഴുവനും പുലര്‍ത്തിയിരുന്ന മതപരമായ വിശ്വസ്തതയും മൂലമാണ് അവള്‍ വിശുദ്ധയാക്കപ്പെട്ടതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

ഗേവ് ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങി. ഇതേ തുടര്‍ന്ന് കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ വന്നുകൊണ്ടിരുന്നു. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം 'കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (അുുമൃശശേീി ീള വേല കാാമരൗഹമലേ ഢശൃഴശി ങമൃ്യ) ഓര്‍മ്മതിരുനാള്‍ ആരംഭിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു.

അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കല്ലിസ്റ്റസും കരിസീയൂസും

2. സരഗോസായിലെ സെസീലിയന്‍

3. ഇറ്റലിയിലെ എസ്‌തെയിലെ കൊണ്ടാര്‍ഡോ

4. സരഗോസായിലെ കായൂസും ക്രെമെന്‍സിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.