ജീവിത വിജയത്തിന്റെ അളവുകോൽ

ജീവിത വിജയത്തിന്റെ അളവുകോൽ

ഏറെ പ്രശസ്തമായ സിനിമായാണല്ലോ " പ്രാഞ്ചിയേട്ടൻ & the saint" സിനിമായിൽ എല്ലാം തികഞ്ഞിട്ടും, ഒത്തിരി ചെയ്തിട്ടും സംതൃപ്തിയില്ലാത്ത പ്രാഞ്ചിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു വിശുദ്ധ ഫ്രാൻസീസ് അസീസി നൽകുന്ന ഒരു ചിന്തയുണ്ട്.


"എന്താണു പ്രാഞ്ചി ജയവും തോൽവിയും...? ആപേക്ഷികമാണത്... ജയിച്ചെന്നു നമ്മൾ കരുതുന്നവർ യഥാർത്ഥത്തിൽ ജയിച്ചവരാണോ...? നേടി എന്നു നമ്മൾ കരുതുന്നവർ സത്യത്തിൽ എന്താണ് നേടിയത്...? നഷ്ടപ്പെട്ടു എന്നു നീ കരുതുന്നത് നിന്നിലേക്കു തിരിച്ചു വരില്ല എന്നു വിചാരിക്കുന്നുവോ...?
സ്വർണ്ണം കൊണ്ടു പള്ളി പണിയുന്നവനല്ല, മറിച്ച് ഒരു മനുഷ്യജീവനെയെങ്കിലും ദുരിതങ്ങളിൽനിന്നും കരകയറ്റുന്നവനാണു സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശിയാവുന്നത്"
ആഴത്തിൽ പഠിക്കേണ്ടതും വിശകലനം ചെയ്യേണ്ടതുമായ ഒരു വിഷയമാണിതെന്നു തോന്നുന്നു.


ഇന്ന് ഒരു വ്യക്തിയെക്കുറിച്ചുള്ള വിലയിരുത്തൽ നീളുന്നതു അവന്റെ സാമ്പത്തികനിലയെ അടിസ്ഥാനമാക്കിയാണ്. സാമ്പത്തികമായി ഉയർന്നവരെല്ലാം വിജയിച്ചവരായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ ഇതു സത്യമാണോ? ധനമുള്ളവരെല്ലാം ജീവിതത്തിൽ വിജയിച്ചവരാണോ? പാവപ്പെട്ടവരെല്ലാം പരാജിതരുമാണോ?


ലോകം കണ്ട അതിശക്തനായ രാജാവ്, ഏറ്റവും ധീരനായ യോദ്ധാവ്, അതിമാനുഷികൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ചക്രവർത്തിയായിരുന്നു അലക്സാണ്ടർ. ചുരുങ്ങിയ നാളുകൾക്കൊണ്ടു അദ്ദേഹം ഒട്ടുമിക്ക രാജ്യങ്ങളും കീഴടക്കി. എങ്കിലും നേടിയതൊന്നും ഈ ലോകത്തുനിന്നു കൊണ്ടുപോകാൻ സാധിക്കുകയില്ല എന്നു ബോധ്യമുണ്ടായിരുന്ന അദ്ദേഹം തന്റെ ഒഴിഞ്ഞ കരങ്ങൾ ഏവരും കാൺകെ ശവമഞ്ചത്തിനു പുറത്തേക്കു നിവർത്തിയിട്ടുകൊണ്ടായിരുന്നു വിടവാങ്ങിയത്.


എന്താണു ജീവിതവിജയത്തിന്റെ യഥാർത്ഥ അളവുകോൽ? 

സമ്പത്തുകൊണ്ടു മാത്രം എല്ലാം കീഴടക്കാൻ, മാനസികനിർവൃതി നേടാൻ നമുക്കാവുമോ? തീർച്ചയായും ഇല്ല. പിന്നെ എന്തുകൊണ്ടാണു നമ്മൾ അങ്ങനെ ചിന്തിക്കുന്നത്. നമ്മുടെ മനോഭാവത്തിലും ചിന്താഗതിയിലുമുള്ള പോരായ്മകളാണു കാരണം.


യഥാർത്ഥത്തിൽ സമ്പത്ത് മനുഷ്യനു ജീവിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. സമ്പത്തല്ല ഒരു വ്യക്തിയുടെ വ്യക്തിത്വവും മൂല്യങ്ങളും നിർണ്ണയിക്കുന്നത്. പ്രസക്തമായതിനു നൽകുന്ന അവഗണനയും അപ്രസക്തമായതിനു കൽപ്പിക്കുന്ന അമിത പ്രാധാന്യവുമാണു ജീവിതത്തിൽ നമ്മെ ആശയക്കുഴപ്പത്തിൽ എത്തിക്കുന്നത്. 


ആവശ്യ അനാവശ്യങ്ങളുടെ മുൻഗണനാക്രമം നിശ്ചയിക്കപ്പെടണം. ആവശ്യമായവയെ പരിഗണിക്കുവാനും, അനാവശ്യമായവയെ അവഗണിക്കുവാനും നാം ആർജ്ജവം കാട്ടണം.
ഒരുവൻ ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണു വിജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. എന്നിലൂടെ പ്രതിഫലിക്കുന്ന നന്മകളുടെ ആകെ തുകയാണു ഞാൻ എന്ന വ്യക്തിയെ പ്രകാശപൂരിതമാക്കുന്നത്, എന്റെ തനിമ നിലനിർത്തുന്നത്. 


ആവശ്യക്കാരനു മുന്നിൽ ഈശ്വരനായി പ്രത്യക്ഷപ്പെടാൻ നമുക്കെല്ലാവർക്കും അവസരങ്ങൾ ലഭിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളെ അവസരോചിതമായി വിനിയോഗിക്കാൻ നാം പഠിക്കണം. മറ്റുള്ളവരെ താരതമ്യം ചെയ്തു ജയപരാജയങ്ങളെ നിശ്ചയിക്കുന്ന സാധാരണ വീക്ഷണത്തിൽനിന്നും വ്യത്യസ്തമായി നമ്മിലേക്കുതന്നെ ഇറങ്ങി സ്വയം വിമർശിക്കുവാനും, വിശകലനം ചെയ്യുവാനും നാം തയ്യാറാവണം.


നമ്മുടെ വിജയ പരാജയങ്ങളാകുന്ന തുലാസ്സിന്റെ തൂക്കം നിർണ്ണയിക്കുന്നതു നാമോരോരുത്തരുമാണ്. ഇരുട്ടിൽ തപ്പുന്ന മനുഷ്യനു മുന്നിൽ നന്മയുടെ പ്രകാശമാകാൻ സാധിച്ചാൽ അതിൽ കൂടുതൽ എന്തു വിജയമാണു നമുക്കു കരസ്ഥമാക്കുവാനുള്ളത്?


" വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുവാനും, വീണവനെ വാരിപ്പുണരാനുമുള്ള മനസ്സുണ്ടല്ലോ അതാണു നമ്മെ യഥാർത്ഥ ജീവിതവിജയത്തിലേക്കടുപ്പിക്കുന്നത്".


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.