ജെസ്നയെ വിദേശത്തേക്ക് കടത്താന്‍ ഇടയാക്കിയത് കേരളാ പൊലീസിന്റെ പിഴവെന്ന് സിബിഐ; യുവതി രണ്ടു കുട്ടികളുടെ അമ്മയെന്നും വിവരം

ജെസ്നയെ വിദേശത്തേക്ക് കടത്താന്‍ ഇടയാക്കിയത് കേരളാ പൊലീസിന്റെ പിഴവെന്ന് സിബിഐ; യുവതി രണ്ടു കുട്ടികളുടെ അമ്മയെന്നും വിവരം

ജെസ്‌ന സിറിയയിലുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ സിബിഐ നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

കൊച്ചി: നാലുവര്‍ഷം മുമ്പ് പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്താന്‍ ഇടയാക്കിയത് കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ വന്ന വീഴ്ചയാണന്ന് സിബിഐയുടെ കണ്ടെത്തല്‍. സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ചത്. പെണ്‍കുട്ടി എവിടെയുണ്ടെന്ന് അറിയാമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എവിടെയെന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്നും അദേഹം പറഞ്ഞിരുന്നു. ഇതേകാര്യം പത്തനംതിട്ട എസ്.പിയായിരുന്ന കെ.ജി സൈമണും പറഞ്ഞിരുന്നു. ജെസ്‌ന എവിടെയുണ്ടെന്ന് മനസിലാക്കിയിട്ടും പോലീസ് സത്വര നടപടി സ്വീകരിക്കാതിരുന്നതാണ് ജെസ്നയെ വീണ്ടും കാണാതായതിന് പിന്നിലെന്ന് സിബിഐ പറയുന്നു.

ഒന്നര വര്‍ഷം മുമ്പ് വരെ ജെസ്ന മറ്റൊരു സംസ്ഥാനത്ത് വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്ന വിവരം സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെസ്ന താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്. ജെസ്ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് അന്വേഷിച്ച് എത്തുന്നതിന് തൊട്ടു മുന്‍പ് ജെസ്‌നയെ അവിടെ നിന്ന് വിദേശത്തേക്ക് കടത്തിയെന്നുമാണ് സിബിഐയ്ക്ക് ലഭിച്ച വിവരം.

ജെസ്നയെ സിറിയയിലേക്കാണോ അതോ മറ്റേതെങ്കിലും ഇസ്ലാമിക രാജ്യത്തേക്കാണോ കടത്തിയത് എന്നറിയാന്‍ വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ സിബിഐ പരിശോധിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. 2018 മാര്‍ച്ച് 23 നാണ് ജെസ്നയെ കാണാതായത്.

മുണ്ടക്കയത്തെ ബന്ധു വീട്ടിലേക്കെന്നു പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നു പുറപ്പെട്ട ജെസ്‌ന കണ്ണിമലയിലെ ബാങ്ക് കെട്ടിടത്തില്‍ എത്തിയതിന്റെ സി.സി ടിവി ദൃശ്യങ്ങളുണ്ട്. ഇവിടെ നിന്നാണ് സ്വകാര്യ ബസില്‍ കയറിയത്. ബസില്‍ തീവ്രവാദബന്ധമുള്ളവര്‍ ഉണ്ടായിരുന്നോയെന്നു സി.ബി.ഐ. പരിശോധിച്ചിരുന്നു. അന്ന് ബസില്‍ സംശയാസ്പദമായി യാത്ര ചെയ്ത രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരം 2021 ഫെബ്രുവരി 19 നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

എന്നാല്‍ ജെസ്‌ന സിറിയയിലുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ സിബിഐ നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.