വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഇരകളെയും ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെയും ഓര്‍ത്തെടുത്ത് ഫ്രാന്‍സിസ് പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികള്‍ക്കു പ്രവേശനം അനുവദിച്ച ഉയിര്‍പ്പു ഞായര്‍ ചടങ്ങുകളില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ട കുര്‍ബാന അര്‍പ്പണത്തിനു ശേഷം ഉച്ചയ്ക്ക് 12 മണിയോടെ റോമ നഗരത്തോടും ലോകത്തോടും എന്നര്‍ത്ഥമുള്ള ഉര്‍ബി ഏത്ത് ഓര്‍ബി സന്ദേശവും നല്‍കി.
തെളിഞ്ഞ ആകാശവും പുഷ്പാലങ്കാരങ്ങളും മനോഹരമാക്കിയ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മദ്ധ്യ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം.
ക്രൂശിതനായ യേശു ഉയിര്‍ത്തെഴുന്നേറ്റതായി പ്രഖ്യാപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ യുദ്ധത്തിന്റെ ഇരകളെയും ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെയും അവിടുന്ന് ഓര്‍ക്കുന്നുവെന്നും ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തിലേക്കും വീടുകളിലേക്കും രാജ്യങ്ങളിലേക്കും കടന്നുവരട്ടെയെന്നും പ്രാര്‍ഥിച്ചാണ് തന്റെ സന്ദേശം ആരംഭിച്ചത്.
യേശുവിനെ ഓര്‍ത്തു വിലപിച്ചവരുടെ ഇടയിലേക്കു വന്ന് അവിടുന്ന് പറയുന്നു: 'നിങ്ങള്‍ക്ക് സമാധാനം. അത് പ്രേതമല്ല, ജീവനുള്ള യേശുവാണ്. കുരിശില്‍ മരിച്ച് കല്ലറയില്‍ അടക്കംചെയ്യപ്പെട്ട അതേ യേശുവാണ്. ശിഷ്യന്മാരുടെ അവിശ്വസനീയമായ നോട്ടത്തിനു മുന്നില്‍ അവിടുന്ന് ആവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് സമാധാനം.
സമാധാനം നിങ്ങളോടുകൂടെ എന്ന ഈസ്റ്റര്‍ സന്ദേശത്തെ സ്വാഗതം ചെയ്യുമ്പോള്‍തന്നെ നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥമായി തുറക്കപ്പെടണമെന്ന് മാര്‍പ്പാപ്പ ആവര്‍ത്തിച്ചു. പ്രത്യേകിച്ചും വിപരീതമായ ഈ കാലഘട്ടത്തില്‍. നിരവധി പേരുടെ ചോര വീഴുകയും ആക്രമണം തുടരുകയും ചെയ്യുന്ന യുദ്ധവേളയിലെ ഈ ഈസ്റ്ററില്‍.
ബോംബുകളില്‍നിന്ന് അഭയം തേടിവന്ന നമ്മുടെ എല്ലാ സഹോദരീ സഹോദരന്മാരെയും നാം ഓര്‍ക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. യേശു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു, ജീവന്‍ മരണത്തെ ജയിക്കുന്നു. അവസാനമില്ലാത്തതെന്ന പ്രതീതി ഉളവാക്കുന്ന ഒരു നോമ്പുകാലത്തിന്റെ അന്ത്യത്തില്‍ എന്നത്തേക്കാളുമുപരി ഇന്ന് നമുക്ക് യേശുവിനെ ആവശ്യമുണ്ട്. നമ്മുടെ മുമ്പില്‍ നിന്ന് 'നിങ്ങള്‍ക്കു സമാധാനം' എന്ന് ആവര്‍ത്തിച്ച് പറയാന്‍ നമുക്ക് കര്‍ത്താവിനെ എന്നത്തേക്കാളും ആവശ്യമുണ്ടെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഐക്യദാര്‍ഢ്യത്തിന്റെ ഒരു പുതിയ മനോഭാവം വേരൂന്നിക്കഴിഞ്ഞെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോഴാണ്, ഉന്മൂലനം ചെയ്യപ്പെടേണ്ട എതിരാളിയായി തന്റെ സഹോദരന്‍ ഹാബേലിനെ കണ്ട 'കായേന്റെ ദുഷ്ടാത്മാവ്' നമ്മുടെ ഉള്ളിലും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ലോകം തിരിച്ചറിയുന്നത്. യുദ്ധവും ആക്രമണങ്ങളും അതിന് ഉദാഹരണങ്ങളാണ്.
പാപങ്ങളാലും ഹൃദയകാഠിന്യത്താലും സാഹോദര്യ വിദ്വേഷത്താലും നാം മുറിവേല്‍പ്പിച്ച യേശുവിനു മാത്രമേ നമുക്ക് യഥാര്‍ത്ഥ സമാധാനം നല്‍കാന്‍ കഴിയൂ-മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
അവിടുന്ന് ആ മുറിവുകള്‍ വഹിക്കുകയും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവ വെളിപ്പെടുത്തുകയും ചെയ്തു. നമ്മോടുള്ള അവന്റെ സ്‌നേഹത്തിന്റെ മായാത്ത മുദ്രയായി അവ നിലനില്‍ക്കുന്നു. സ്വര്‍ഗസ്ഥനായ പിതാവ് അവ കാണുമ്പോള്‍ നമ്മോടും ലോകം മുഴുവനോടും കരുണ കാണിക്കും. ഉയിര്‍ത്തെഴുന്നേറ്റ യേശുവിന്റെ മഹത്തായ ആ മുറിവുകള്‍ നമുക്ക് സമാധാനം ഉണ്ടാകുന്നതിനും നാം സമാധാനത്തില്‍ ആയിരിക്കുന്നതിനും നാം സമാധാനത്തില്‍ ജീവിക്കുന്നതിനും വേണ്ടിയുള്ള അടയാളമാണ്. ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തിലേക്കും ഭവനത്തിലേക്കും രാജ്യത്തിലേക്കും പ്രവേശിക്കാന്‍ നമുക്ക് അനുവദിക്കാം.
യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്‌ന് സമാധാനം ഉണ്ടാകട്ടെയെന്ന് മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു, പീഡനത്തിന്റെയും മരണത്തിന്റെയും ഈ ഭയാനകമായ രാത്രിയില്‍ പ്രത്യാശയുടെ ഒരു പുതിയ പ്രഭാതം വിരിയട്ടെ എന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തിന്റെ ഈസ്റ്റര്‍ നമ്മുടെ കണ്ണുകള്‍ക്ക് അവിശ്വസനീയമാണ്. ഒരുപാട് രക്തവും അക്രമങ്ങളും നമ്മള്‍ കണ്ടുകഴിഞ്ഞു. ബോംബാക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ അനേകം സഹോദരങ്ങള്‍ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നമ്മുടെ മനസിലും ഭീതിയും വേദനയും നിറയുകയാണ്. ക്രൂരവും വിവേകശൂന്യവുമായ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട ഉക്രെയ്‌നില്‍ സമാധാനം പിറക്കട്ടെ-മാര്‍പാപ്പ പറഞ്ഞു.
കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വാഗതം ചെയ്യാന്‍ വാതിലുകള്‍ തുറന്ന എല്ലാവര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങളാണെന്നും സ്വാര്‍ത്ഥതയെയും വ്യക്തിത്വത്തെയും മറികടക്കാന്‍ സഹായിക്കുന്ന സമൂഹത്തിനുള്ള അനുഗ്രഹമാണെന്നും പാപ്പ വിശേഷിപ്പിച്ചു.
ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളോട് സമാന അനുകമ്പയോടും ഐക്യദാര്‍ഢ്യത്തോടും കൂടി നമുക്കു പ്രതികരിക്കാം.
യുദ്ധത്തിന്റെ ഇരകളെയും ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെയും അനാഥരാക്കപ്പെട്ട കുട്ടികളെയും പ്രായമായവരെയും താന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ലോകമെമ്പാടുമുള്ള ആക്രമണങ്ങള്‍, പട്ടിണി അല്ലെങ്കില്‍ വൈദ്യസഹായത്തിന്റെ അഭാവം എന്നിവയാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ നിലവിളി പ്രത്യേകമായി കേള്‍ക്കുന്നു. നേതാക്കള്‍ അവരുടെ നിലവിളി കേള്‍ക്കണമെന്നും സമാധാനത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യര്‍ത്ഥിച്ചു.
ഇസ്രയേലും പലസ്തീനും തമ്മിലും ലെബനന്‍, സിറിയ, ഇറാഖ്, ലിബിയ, മ്യാന്‍മര്‍, കോംഗോ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കിടയിലും അനുരഞ്ജനത്തിനു മാര്‍പാപ്പ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ഇരകള്‍ക്കായി, പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.
കാനഡയിലെ കത്തോലിക്കാ സഭ തദ്ദേശീയരുമായി നടത്തുന്ന അനുരഞ്ജന ശ്രമങ്ങളില്‍ ഉത്ഥിതനായ കര്‍ത്താവ് അനുഗമിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ശനിയാഴ്ച രാത്രി നടന്ന പാതിരാക്കുര്‍ബാനയിലും മാര്‍പാപ്പ പങ്കെടുത്തു. ഉക്രെയ്‌നില്‍ നിന്ന് മൂന്ന് എംപിമാരും മെലീറ്റോപോള്‍ മേയറും പാതിരാക്കുര്‍ബാനയില്‍ പങ്കെടുത്തു. യുദ്ധത്തിനെതിരായ വൈകാരിക പ്രഭാഷണത്തിനൊടുവില്‍ ഉക്രെയ്ന്‍ ജനപ്രതിനിധികളെ പേരെടുത്ത് അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ 'ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു' എന്ന അവസാനഭാഗം ഉക്രെയ്‌നിയന്‍ ഭാഷയിലാണു വായിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26