ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്; ഒരു മരണം: നിരവധി പേര്‍ക്ക് പരിക്ക്

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്; ഒരു മരണം: നിരവധി പേര്‍ക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ നടത്തുന്ന സർക്കാർവിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്.

ആൾക്കൂട്ടം അക്രമാസക്തരാവുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ വെടിവെക്കാൻ നിർബന്ധിതരാവുകയായിരുന്നെന്ന് ലങ്കൻ പോലീസ് വക്താവ് പറഞ്ഞു. ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ആളുകളെ പ്രകോപിപ്പിച്ചത്. തലസ്ഥാനമായ കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് വാഹന ഉടമകളാണ് ടയറുകൾ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചത്. രാജ്യത്തെ പ്രധാന പെട്രോൾ ചില്ലറ വിതരണസ്ഥാപനം ഇന്ന് വില 65 ശതാമനത്തിലധികം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ശ്രീലങ്കൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോൺ പെട്രോളിയം കോർപറേഷൻ ഒരു ലിറ്റർ 92 ഒക്ടെയ്ൻ പെട്രോളിന്റെ വില 84 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ പെട്രോൾ ലിറ്ററിന് വില 338 രൂപയായി ഉയരുകയും ചെയ്തു.

അതേസമയം രാജ്യത്തെ പ്രധാന ശിശു ആശുപത്രിയിലെ ഡോക്ടർമാരും പ്രതിഷേധം നടത്തിയിരുന്നു. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗർലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാൻ വിദേശനാണ്യമില്ലാതെ വലയുകയാണ് ശ്രീലങ്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.