ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ അമേരിക്ക ഇനി വിക്ഷേപിക്കില്ലെന്ന് കമലാ ഹാരിസ്

ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ അമേരിക്ക ഇനി വിക്ഷേപിക്കില്ലെന്ന് കമലാ ഹാരിസ്

വാഷിംഗ്ടണ്‍: ഉപഗ്രഹങ്ങളെ തകര്‍ക്കുന്ന മിസൈലുകള്‍ ഇനി പരീക്ഷിക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഭരണകൂടത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണ് കമലാ ഹാരിസ് പ്രഖ്യാപിച്ചത്. ബഹിരാകാശ യുദ്ധങ്ങളുടെ സാദ്ധ്യതകളെ ഇല്ലാതാക്കുന്ന പ്രഖ്യാപനമാണ് കമലാ ഹാരിസ് നടത്തിയത്.

'അമേരിക്ക ഇനി മുതല്‍ ഉപഗ്രഹങ്ങളെ നേരിട്ട് തകര്‍ക്കുന്ന ഒരു തരത്തിലുള്ള മിസൈലുകളും പരീക്ഷിക്കില്ല. ഇത്തരം പരീക്ഷണങ്ങള്‍ ഏറെ അപകടകരമാണെന്ന് തിരിച്ചറിയുന്നു. അവ ഇനി ചെയ്യില്ല. അമേരിക്ക ഇത്തരം വിവേകപൂര്‍ണ്ണമായ നടപടികള്‍ക്ക് മുന്നിലുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു'-കമലാ ഹാരിസ് പറഞ്ഞു. കാലിഫോര്‍ണിയ സംസ്ഥാനത്തെ വാന്‍ഡന്‍ബെര്‍ഗ് ബഹിരാകാശ സേനാ താവളം സന്ദര്‍ശിച്ചപ്പോഴായിരുന്നു കമലാ ഹാരിസിന്റെ പ്രഖ്യാപനം.

വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് തിരികെ എത്തിക്കാനാവാത്ത സാഹചര്യത്തിലാണ് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള ശേഷിയുള്ളത്.

സോവിയറ്റ് കാലഘട്ടത്തിലെ പ്രവര്‍ത്തനരഹിതമായ ഒരു ഉപഗ്രഹത്തെ നശിപ്പിക്കാന്‍ നവംബറില്‍ റഷ്യ മിസൈല്‍ വിക്ഷേപിച്ചാണ് അമേരിക്കയെ ദ്രുതഗതിയില്‍ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. റഷ്യയുടെ ഈ ദൗത്യം ബഹിരാകാശത്ത് 1,500-ലധികം അവശിഷ്ടങ്ങളാണ് സൃഷ്ടിച്ചത്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ചൈനയുടെ ടിയാന്‍ഗോംഗ് ബഹിരാകാശ നിലയത്തിലുമുണ്ടായിരുന്ന യുഎസ്, റഷ്യന്‍ ബഹിരാകാശ യാത്രികരുടെ ജീവന് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. റഷ്യയുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് കമലാ ഹാരിസ് വിമര്‍ശിച്ചു.

ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് നിറയുന്നതായുള്ള പ്രതിഭാസം വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ വരെ അവ വ്യാപിച്ചതായാണ് കണ്ടെത്തലെന്നും കമലാ ഹാരിസ് പറഞ്ഞു. അമേരിക്ക സ്വന്തമായി വികസിപ്പിച്ചതാണ് മിസൈല്‍ സാങ്കേതിക വിദ്യ. അമേരിക്കയ്ക്ക് ഇത് ഉപേക്ഷിക്കാമെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കും അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും കമലാ ഹാരിസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.