മനില: ഫിലിപ്പീന്‍സില്‍ മണ്ണിടിച്ചിലില്‍ നിന്ന് 11 വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന്. വീടിനു മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്കു വരുന്നത് കണ്ട് ഫ്രിഡ്ജില്‍ കയറിയിരുന്നതാണ് ബാലന് രക്ഷയായത്. ഏകദേശം 20 മണിക്കൂറോളം നേരമാണ് കുട്ടി ഫ്രിഡ്ജിനുള്ളില്‍ കഴിച്ചുകൂട്ടിയത്. രക്ഷാസംഘമെത്തി ആശുപത്രിയിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേബേ സിറ്റിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 11 വയസുകാരനായ സി.ജെ ഹാസ്‌മെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെഗി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ എത്തിയ ദൗത്യസംഘമാണ് നദീതീരത്തു വച്ച് കുട്ടിയെ കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ ഫ്രിഡ്ജില്‍ കിടക്കുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എനിക്ക് വിശക്കുന്നു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഹാസ്‌മെ ആദ്യം പറഞ്ഞത്. അതേസമയം കുട്ടിയുടെ അമ്മയെയും ഇളയ സഹോദരനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മണ്ണിടിച്ചിലില്‍ കുട്ടിയുടെ അച്ഛന്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹാസ്‌മെയുടെ കാലിന് ഒടിവ് സംഭവിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ 172 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 200 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചത്. ചെളിയും മണ്ണിന്റെ അവശിഷ്ടങ്ങളും കാരണം രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.