ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് വര്‍ക്കിംഗ് പ്രസിഡന്റ്, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്; പ്രശാന്ത് കിഷോറിന്റെ മിഷന്‍ കോണ്‍ഗ്രസ് പാക്കേജ് ഇങ്ങനെ

ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് വര്‍ക്കിംഗ് പ്രസിഡന്റ്, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്; പ്രശാന്ത് കിഷോറിന്റെ മിഷന്‍ കോണ്‍ഗ്രസ് പാക്കേജ് ഇങ്ങനെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാനുള്ള അവസാന ശ്രമമായിട്ടാണ് പ്രശാന്ത് കിഷോറിന്റെ വരവിനെ പ്രവര്‍ത്തകര്‍ കാണുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി നിരന്തര കൂടിക്കാഴ്ച്ചകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തുന്നത്.

പാര്‍ട്ടിയെ അടിമുടി നവീകരിക്കാന്‍ പ്രശാന്ത് നിരവധി നിര്‍ദേശങ്ങളാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരു വര്‍ക്കിംഗ് പ്രസിഡന്റ് വരുകയെന്നതാണ്. മാറ്റത്തിന് ഇത് അനിവാര്യമാണെന്നാണ് പ്രശാന്തിന്റെ പക്ഷം. പാര്‍ട്ടിയെ പല സംസ്ഥാനങ്ങളിലും തകര്‍ത്തത് കുടുംബ വാഴ്ച്ചയാണെന്ന കണ്ടെത്തലും അദേഹം നടത്തിയിട്ടുണ്ട്.

പഞ്ചായത്ത് തലം മുതല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ 'ഒരു കുടുംബം, ഒരു ടിക്കറ്റ്' നയം നടപ്പാക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെടുന്നു. ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തെരഞ്ഞെടുക്കണം. എങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ടവര്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുകയുള്ളൂ.

രാജ്യത്തുടനീളം 15,000 സജീവ നേതാക്കളെയും ഒരു കോടി കര്‍മനിരതരായ പ്രവര്‍ത്തകരെയും വളര്‍ത്തിയെടുക്കണം. ഇവര്‍ വഴി പാര്‍ട്ടി പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാം. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച സ്വാധീനമുള്ളവരെ പാര്‍ട്ടി അനുഭാവികളാക്കി മാറ്റുക. ഇവര്‍ വഴി താഴേത്തട്ടിലേക്ക് പാര്‍ട്ടിയെ വളര്‍ത്താന്‍ സാധിക്കും.

പ്രശാന്ത് കിഷോറിന്റെ ഈ നിര്‍ദേശങ്ങള്‍ എത്രമാത്രം നടപ്പിലാകുമെന്ന കാര്യം ഇപ്പോഴും സംശയമാണ്. മുതിര്‍ന്ന നേതാക്കള്‍ ഈ നിര്‍ദേശങ്ങളോട് മുഖം തിരിക്കാനാണ് സാധ്യത കൂടുതലെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.