വി. പത്രോസിന്റെ പിന്‍ഗാമിയും തിരുസഭയുടെ അമ്പത്തിയേഴാമത്തെ വലിയ മുക്കുവനുമായി ഏ.ഡി. 535 മെയ് 13-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട വി. അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 502-ല്‍ എതിര്‍ മാര്‍പ്പാപ്പയായിരുന്ന ലോറന്‍സിന്റെ പിന്തുണച്ചിരുന്നവരാല്‍ കൊല്ലപ്പെട്ട ഒരു വൈദികന്റെ മകനായിരുന്നു. മാര്‍പ്പാപ്പ തന്റെ ജീവിതകാലത്ത് തന്നെ തന്റെ പിന്‍ഗാമിയെ നിയോഗിക്കുന്ന രീതിയെ ശക്തമായി എതിര്‍ത്തിരുന്ന വ്യക്തിയായിരുന്നു അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ. അതിനാല്‍ തന്നെ അദ്ദേഹം തന്റെ ഭരണം തുടങ്ങിയതു മാര്‍പ്പാപ്പ തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യുന്ന രീതിയെ എതിര്‍ത്തിരുന്നവരാല്‍ ഏ.ഡി. 530-ല്‍ തിരഞ്ഞെടുക്കപ്പെട്ട എതിര്‍ മാര്‍പ്പാപ്പയായിരുന്ന അലക്‌സാണ്ട്രിയായിലെ ഡയോസ്‌കോറസിനെ കുറ്റം വിധിച്ചുകൊണ്ടുള്ള ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഉത്തരവ് കത്തിച്ചുകൊണ്ടായിരുന്നു.
ക്രിസ്തു ദൈവപുത്രനല്ലെന്നും സൃഷ്ടികളില്‍വെച്ച് ഉത്തമമായ സൃഷ്ടമാത്രമാണെന്നും പഠിപ്പിച്ച പൗരസ്ത്യദേശത്തെയും വടക്കെ ആഫ്രിക്കയിലെയും ആര്യന്‍ പാഷണ്ഡികള്‍ക്കെതിരെ അഗാപിറ്റസ് മാര്‍പ്പാപ്പ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ആര്യന്‍ പാഷണ്ഡികളായിരുന്ന വൈദികരെ അദ്ദേഹം വൈദികവൃത്തിയില്‍നിന്നും വിലക്കി. ഇതിനെതിരെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയോട് ആര്യന്‍ പാഷണ്ഡികള്‍ അപ്പീല്‍ നല്‍കിയെങ്കിലും മാര്‍പ്പാപ്പ തന്റെ തീരുമാനത്തില്‍ നിന്നു പിന്തിരുയുവാന്‍ തയ്യാറായില്ല. എന്നാല്‍ അതേസമയം തന്നെ മാര്‍പ്പാപ്പയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിക്കുവാനായി ചക്രവര്‍ത്തിക്കുമുമ്പില്‍ തിരുപാത്രങ്ങള്‍ ഈടുവയ്‌ക്കെണ്ടെിവന്നു. ഇറ്റലിയുടെ രാജാവും ഒസ്‌ത്രോഗോഥിക് വംശജനുമായിരുന്ന തെയോദഹാദിന്റെ ഭീഷണിയുടെ ഫലമായാണ് മാര്‍പ്പാപ്പ ഈ യാത്രയ്ക്ക് തയ്യാറായത്. ആറുപതിറ്റാണ്ടോളം ജര്‍മാനിക്ക് രാജ്യമായിരുന്ന ഇറ്റലിയെ ആക്രമിക്കുവാനും വീണ്ടും റോമന്‍ സാമ്രാജ്യത്തോടു ചേര്‍ക്കുവാനുമുള്ള ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ പദ്ധതിയെക്കുറിച്ചു മനസ്സിലാക്കിയ തെയോദഹദ് രാജാവ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോകുവാനും ഇറ്റലിയെ ആക്രമിക്കുവാനുള്ള ചക്രവര്‍ത്തിയെ പിന്‍തിരിപ്പിക്കുവാനുമായി അഗാപിറ്റസ് മാര്‍പ്പാപ്പയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി. രാജകീയമായ സ്വീകരണമാണ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാര്‍പ്പാപ്പയ്ക് ലഭിച്ചതെങ്കിലും കോണ്‍സ്റ്റാന്റിനോപ്പിളിലെ ദൗത്യം പരാജയമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇറ്റലിയെ ആക്രമിക്കുവാനുള്ള തന്റെ പദ്ധതിയില്‍നിന്നും പിന്നോട്ടു പോവുകയില്ല എന്ന് മാര്‍പ്പാപ്പയെ അറിയിച്ചു.
കോണ്‍സ്റ്റാന്റിനോപ്പിളിലായിരുന്ന സമയത്ത് അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയര്‍ക്കീസായിരുന്ന അന്തിമസിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനായി ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചു.അന്തിമസ് പാത്രിയാര്‍ക്കീസ് മോണോഫിസൈറ്റ് പക്ഷക്കാരനായിരുന്നു എന്നതായിരുന്നു ഇതിനു കാരണമായി മാര്‍പ്പാപ്പ മുന്നോട്ടു വെച്ചത്. മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം അംഗീകരിച്ച ചക്രവര്‍ത്തി അന്തമസിനെ പാത്രിയാര്‍ക്കീസിന്റെ പദവിയില്‍നിന്നും നീക്കം ചെയ്യുകയും പുതിയ പാത്രിയര്‍ക്കീസായി മെന്നാസിനെ നിയമിക്കുകയും ചെയ്തു. അഗാപിറ്റസ് മാര്‍പ്പാപ്പ മെന്നാസിനെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയര്‍ക്കീസായി അഭിഷേകം ചെയ്തു. ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ നിരാകരിക്കുകയും എന്നാല്‍ ജോണ്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അംഗീകരിക്കുകയും ചെയ്ത പരിശുദ്ധ ത്രീത്വത്തിലെ ഒരു വ്യക്തി അതായത് ദൈവം മനുഷ്യശരീരിത്തില്‍ സഹിച്ചുവെന്ന പഠനം അടങ്ങുന്ന തിയോഫാസ്‌കിസം (Theopaschite) എന്ന സംജ്ഞയുടെ പ്രാമാണികതയെ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയും അംഗീകരിച്ചു.
അഗാപിറ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലെ തന്റെ ദൗത്യത്തിനിടയില്‍ ഏ.ഡി. 536 ഏപ്രില്‍ 22-ാം തീയതി കോണ്‍സ്റ്റാന്റിനോപ്പിളില്‍വെച്ച് കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം ലോഹം കൊണ്ടുള്ള പേടകത്തില്‍ റോമിലേക്കു കൊണ്ടുവരികയും വി. പത്രോസിന്റെ ബസിലക്കയുടെ പോര്‍ട്ടിക്കോയില്‍ സംസ്‌കരിക്കുകയും ചെയ്തു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.