കീവ്: റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായ തുറമുഖ പട്ടണമായ മരിയുപോളിനു സമീപം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഉക്രെയ്ന്‍ അധികൃതര്‍. പുതിയ ചില ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് കൂട്ടക്കുഴിമാടത്തിന്റെ സൂചനകള്‍ പുറത്തുവരുന്നത്. മരിയുപോളിന്റെ പടിഞ്ഞാറ് 12 മൈല്‍ അകലെയാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. 9,000ത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സൈന്യം ഈ കുഴിമാടങ്ങളില്‍ കൊന്നു തള്ളിയതായി ഉക്രെയ്ന്‍ അധികൃതര്‍ ആരോപിച്ചു. ബുച്ചയില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളേക്കാള്‍ 20 മടങ്ങ് വലുതാണ് മരിയുപോളിനു സമീപത്തേതെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സിലിന്റെ ടെലിഗ്രാം പോസ്റ്റില്‍ പറയുന്നു.
മരിയുപോള്‍ കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തുന്ന മാക്സര്‍ ടെക്നോളജീസാണ് 200ലേറെ കുഴിമാടങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നിലവിലെ ശ്മശാനങ്ങളില്‍ നിന്ന് അകലങ്ങളിലേക്ക് നീളുന്ന വലിയ കുഴിമാടങ്ങളാണ് ഇവയെല്ലാം.
തങ്ങളുടെ സൈനിക കുറ്റകൃത്യങ്ങള്‍ റഷ്യന്‍ സൈന്യം മറച്ചുവെക്കുകയാണെന്ന് മരിയുപോള്‍ മേയര്‍ വാദിം ബോയ്ചെങ്കോ ആരോപിച്ചു. കുറഞ്ഞത് 9,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സിലും വ്യക്തമാക്കി. അതിനിടെ, മരിയുപോളിലെ അസോവ്സ്റ്റല്‍ ഉരുക്കുഫാക്ടറിയില്‍ തമ്പടിച്ചിരിക്കുന്ന 2,000 ത്തിലേറെ വരുന്ന ഉക്രെയ്ന്‍ പോരാളികള്‍ ഇതുവരെയും കീഴടങ്ങാന്‍ തയാറായിട്ടില്ല. ഫാക്ടറി വളയാന്‍ സൈന്യത്തോട് പുടിന്‍ ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.