കരാറിന്റെ മറവില്‍ ചൈനയുടെ ലക്ഷ്യം സൈനിക താവളം: താക്കീതുമായി അമേരിക്ക; സോളമന്‍ ദ്വീപുകളില്‍ സംഘര്‍ഷത്തിന്റെ വേലിയേറ്റം

കരാറിന്റെ മറവില്‍ ചൈനയുടെ ലക്ഷ്യം സൈനിക താവളം: താക്കീതുമായി അമേരിക്ക; സോളമന്‍ ദ്വീപുകളില്‍ സംഘര്‍ഷത്തിന്റെ വേലിയേറ്റം

ഹൊനിയാര: ഓസ്‌ട്രേലിയന്‍ തീരത്തിനു സമീപം ചൈനീസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഉതകുന്ന കരാറില്‍ ഒപ്പുവച്ച സോളമന്‍ ദ്വീപുകളുടെ നടപടിക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി അമേരിക്ക. ഇന്തോ-പസഫിക് സുരക്ഷാ ഉപദേഷ്ടാവ് കുര്‍ട്ട് കാംബെലിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘമാണ് സോളമന്‍ ദ്വീപുകളിലെത്തി പ്രധാനമന്ത്രി മനാസെ സൊഗാവാരെയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചത്.

ചൈനയുമായുള്ള സുരക്ഷാ കരാറിന്റെ ഫലമായി പസഫിക് ദ്വീപ് രാഷ്ട്രത്തില്‍ ചൈനീസ് സൈനിക താവളം വന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് യു.എസ് പ്രതിനിധികള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇത് സോളമന്‍ ദ്വീപുകളില്‍ സംഘര്‍ഷത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കരാര്‍ സംബന്ധിച്ച ആശങ്ക സമീപ രാജ്യമായ ഓസ്ട്രേലിയയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വരെ പ്രതികൂലമായി ബാധിക്കുന്നതായി സംഘം അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പോലും നിര്‍ത്തിവച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ മന്ത്രി സെഡ് സെസെല്‍ജ സോളമന്‍ ദ്വീപുകളില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. ഇത് അസാധാരണ സംഭവമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യു.എസ് സംഘവും എത്തിയത്.

ഓസ്‌ട്രേലിയന്‍ തീരത്തിന് 2000 മൈല്‍ മാത്രം അകലെയുള്ള ദക്ഷിണ പസിഫിക്കില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപുകളും ചൈനയുമായി സുരക്ഷാ സഹകരണ കരാര്‍ ഒപ്പുവച്ചതില്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും യു.എസും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണ്.

പോലീസ്, സൈനിക സഹകരണത്തിനുള്ള കരാറെന്നാണു വ്യാഖ്യാനമെങ്കിലും ചൈന അവിടെ സൈനിക താവളം തുറന്നേക്കുമോ എന്നാണ് ഓസ്ട്രേലിയയുടെയും അമേരിക്കയുടെയും ആശങ്ക. കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴും പരസ്യമാക്കിയിട്ടില്ല.

എന്നാല്‍ ചോര്‍ന്ന വിവരങ്ങള്‍ അനുസരിച്ച് സോളമന്‍ ദ്വീപുകളില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ചൈനയുടെ സായുധ പോലീസിനെയും സൈനികരെയും വിന്യസിക്കാന്‍ അനുവദിക്കും. ചൈനീസ് യുദ്ധക്കപ്പലുകളുടെ ഇടത്താവളമായും സോളമന്‍ ദ്വീപുകള്‍ മാറും. ഈ അവസരം ഇന്തോ-പസഫിക് മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ചൈന മുതലാക്കും എന്നതാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആശങ്ക.

ദ്വീപുകളില്‍ ചൈനയുടെ ദീര്‍ഘകാല സാന്നിധ്യം ഉണ്ടാകില്ലെന്ന് ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി യു.എസ് സംഘത്തിന് ഉറപ്പു നല്‍കിയതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. എങ്കിലും സഖ്യ രാജ്യങ്ങളുമായി ചേര്‍ന്ന് കരാര്‍ സംബന്ധിച്ച തുടര്‍ നടപടികള്‍ തങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നു പ്രസ്താവനയില്‍ പറയുന്നു. ആശങ്കയുടെ പശ്ചാത്തലത്തില്‍ ഹൊനിയാരയില്‍ യു.എസ് എംബസി ഉടനടി തുറക്കാനും തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ആഭ്യന്തര കാര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് കരാറെന്നാണ് സോളമന്‍ ദ്വീപുകളുടെ ഭരണകൂടം ഉറപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ കരാറിലൂടെ ചൈനയ്ക്ക് എളുപ്പം കഴിയുമെന്ന ആശങ്ക യു.എസ് പ്രതിനിധികള്‍ പങ്കുവച്ചു.

കരാറിന്റെ ഉദ്ദേശം, വ്യാപ്തി, സുതാര്യത എന്നിവ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറണമെന്നും സംഘം ആവശ്യപ്പെട്ടു. സ്ഥിരമായി സൈനിക താവളം സ്ഥാപിക്കാനുള്ള നടപടികള്‍ ചൈന സ്വീകരിച്ചാല്‍ അമേരിക്ക അതിനനുസരിച്ച് പ്രതികരിക്കുമെന്നും പ്രതിനിധി സംഘം താക്കീത് നല്‍കിയിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിനെതിരേയുള്ള പ്രധാന ആയുധമായി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി കരാറിനെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മാര്‍ച്ചിലാണ് ഓസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കരാറിനെക്കുറിച്ച് ആദ്യം അറിഞ്ഞത്. എന്നാല്‍ തക്കസമയത്ത് ഇടപെട്ട് കരാര്‍ തടയാന്‍ സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിനു കഴിയാഞ്ഞത് ഭരണ പരാജയമായി ലേബര്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.