ടെക്‌സാസില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ടെക്‌സാസില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ടെക്‌സാസ്: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ നദിയില്‍ കാണാതായ 22 കാരനായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസിലെ ആര്‍ലിംഗ്ടണ്‍ സ്വദേശിയായ ബിഷപ്പ് ഇ. ഇവാന്‍സിന്റെ മൃതദേഹം റിയോ ഗ്രാന്‍ഡെ നദി തീരത്ത് തിങ്കളാഴ്ച്ച രാവിലെയാണ് കണ്ടത്. ബോര്‍ഡര്‍ പട്രോളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശിക ഭരണകൂടത്തിന്റെ പ്രതിനിധികളും ഭരണാധികാരികളുമെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ 8.30നാണ് റിയോ ഗ്രാന്‍ഡെ നദിയില്‍ കുടിയേറ്റക്കാരെ മറുകരയില്‍ എത്തിക്കുന്നതിനിടെ ഇവാന്‍സ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുടിയേറ്റ സ്ത്രീയെ രക്ഷിക്കാന്‍ എടുത്തു ചാടിയതാണ് സൈനികന്‍. സ്ത്രീ സ്വയം മറുകര നീന്തിക്കടന്നു. എന്നാല്‍ സൈനികന്‍ മുങ്ങിപ്പോയി.

ഇവാനുവേണ്ടിയുള്ള തെരച്ചില്‍ അപ്പോള്‍തന്നെ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. 48 മണിക്കൂര്‍ പിന്നിട്ടിട്ടും സൈനികനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സേന തെരച്ചില്‍ നിര്‍ത്തിവച്ചു. പിന്നീട് തിങ്കളാഴ്ച്ച രാവിലെ മൃതദേഹം നദീതിരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് നാഷണല്‍ ഗാര്‍ഡ് സൈന്യം ഓരോദിവസവും മറ്റുള്ളവരെ സേവിക്കുന്നതെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് അബോട്ട് പറഞ്ഞു. എസ്പിസി ഇവാന്‍സ് തന്റെ സംസ്ഥാനത്തെയും രാജ്യത്തെയും വീരോചിതമായി സേവിച്ചു. അദ്ദേഹത്തോട് ഞങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കും. അബോട്ട് പറഞ്ഞു.

സൈനികനെ കണ്ടെത്താന്‍ പ്രവര്‍ത്തിച്ച ടെക്‌സാസ് നാഷണല്‍ ഗാര്‍ഡ്, ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി, ടെക്‌സസ് പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ബോര്‍ഡര്‍ പട്രോള്‍, പ്രാദേശിക നിയമപാലകര്‍ എന്നിവര്‍ക്കും അബോട്ട് നന്ദി പറഞ്ഞു.

ഈ ആഴ്ച മാത്രം 10 മുങ്ങിമരണങ്ങളാണ് റിയോ ഗ്രാന്‍ഡെ നദിയില്‍ ഉണ്ടായതായി പോലീസ് പറഞ്ഞു. 2021 മാര്‍ച്ചില്‍ ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആരംഭിച്ച അതിര്‍ത്തി സുരക്ഷാ സംരംഭമായ ഓപ്പറേഷന്‍ ലോണ്‍ സ്റ്റാറിന്റെ ഭാഗമായാണ് ഒരാഴ്ച്ചയിലേറെയായി ഇവിടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.