സ്വവര്‍ഗാനുരാഗിയായ കഥാപാത്രവുമായി ഡിസ്‌നി സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നു; എതിര്‍പ്പ് ശക്തം

സ്വവര്‍ഗാനുരാഗിയായ കഥാപാത്രവുമായി ഡിസ്‌നി സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്നു; എതിര്‍പ്പ് ശക്തം

വാഷിങ്ടണ്‍: എതിര്‍പ്പുകള്‍ ഉയരുമ്പോഴും സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയുള്ള സിനിമ റിലീസ് ചെയ്യാനൊരുങ്ങി വാള്‍ട്ട് ഡിസ്‌നി കമ്പനി. ഡിസ്‌നിയുടെ നിയന്ത്രണത്തിലുള്ള മാര്‍വല്‍ സ്റ്റുഡിയോ പുറത്തിറക്കാനിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം ഡോക്ടര്‍ സ്ട്രേഞ്ചിലാണ് സ്വവാര്‍ഗാനുരാഗ കഥാപാത്രമുള്ളത്. മേയ് ആദ്യ വാരമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സാം റെയ്മി സംവിധാനം ചെയ്ത ചിത്രത്തിലെ അമേരിക്ക ഷാവേസ് എന്ന കഥാപാത്രമാണ് സ്വവര്‍ഗാനുരാഗിയായി എത്തുന്നത്. നടി സോചിറ്റില്‍ ഗോമസ് ആണ് അമേരിക്കന്‍ ഷാവേസിനെ അവതരിപ്പിക്കുന്നത്. കുവൈത്തും സൗദി അറേബ്യയും ഖത്തറുമടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങള്‍ ചിത്രത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.

സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സൗദി അറേബ്യ ഡിസ്‌നിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിസ്‌നി ഇതിനു വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസിലും ഡിസ്‌നിയുടെ ഇത്തരം കഥാപാത്രങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സിനിമകള്‍ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡിസ്‌നിയുടെ സിനിമകളും ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങളുമായി പല സംഘടനകളും രംഗത്തെത്തി.

സ്വവര്‍ഗാനുരാഗം സംബന്ധിച്ച് ഡിസ്‌നി സ്വീകരിക്കുന്ന നിലപാടുകള്‍ യുഎസില്‍ വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്. ഡിസ്‌നിക്കെതിരേ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ശക്തമായ നടപടിയും സ്വീകരിച്ചുകഴിഞ്ഞു. ഫ്‌ളോറിഡയിലെ ഡിസ്നി വേള്‍ഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒരു പ്രാദേശിക സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ഡിസ്‌നിയെ പതിറ്റാണ്ടുകളായി അനുവദിച്ചിരുന്ന നിയമം ഇല്ലാതാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുകയാണ്.

ഫ്ളോറിഡയിലെ സ്‌കൂളുകളില്‍ മൂന്നാം ക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസവും ലിംഗ വ്യക്തിത്വവും പഠിപ്പിക്കുന്നത് നിരോധിക്കുന്ന നിയമനിര്‍മാണത്തെച്ചൊല്ലിയാണ് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും ഡിസ്നി കമ്പനിയും തമ്മില്‍ തമ്മില്‍ പോര് മുറുകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.