കെ റെയില്‍ സംവാദം ഇന്ന്: എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; ബദല്‍ സംവാദം നാലിന്

കെ റെയില്‍ സംവാദം ഇന്ന്: എതിര്‍ക്കാന്‍ ഒരാള്‍ മാത്രം; ബദല്‍ സംവാദം നാലിന്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സംവാദം കെ റെയില്‍ ഇന്ന് നടത്തും. വ്യാഴാഴ്ച രാവിലെ 11-ന് തിരുവനന്തപുരം താജ് വിവാന്ത ഹോട്ടലിലാണ് ചടങ്ങ്. വിയോജിപ്പുള്ളവര്‍ പങ്കെടുത്തില്ലെങ്കിലും അവസരം നല്‍കിയില്ലെന്ന വാദം ഉയരാതിരിക്കാനാണ് സംവാദം നടത്താന്‍ കെ റെയില്‍ ഒരുങ്ങുന്നത്.

വിയോജിപ്പുള്ളവര്‍ക്ക് അവരുടെ വാദം അവതരിപ്പിക്കാനുള്ള പരിപാടി എന്നതിനാല്‍ അതില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് സര്‍ക്കാരും സ്വീകരിച്ച നിലപാട്. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരുമായ മൂന്നുവീതം വിദഗ്ധരാണ് സംവാദത്തിനുണ്ടായിരുന്നത്.

എതിര്‍ക്കുന്നവരില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. ജോസഫ് സി. മാത്യുവിനെ സര്‍ക്കാര്‍ നേരത്തേ ഒഴിവാക്കിയിരുന്നു.

അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ ബോര്‍ഡ് എഞ്ചിനീയര്‍ സുബോധ് ജെയിന്‍, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രന്‍ നായര്‍ എന്നിവരുണ്ട്. എതിര്‍ പാനലിലുളള ആര്‍വിജി മേനോന് കൂടുതല്‍ സമയം നല്‍കിയും കാണികളില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.

ഇതിനിടെ കെ റെയില്‍ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദല്‍ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വര്‍മ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആര്‍വിജി മേനോനും പങ്കെടുക്കും. ഒപ്പം മുഖ്യമന്ത്രിയെയും കെ റെയില്‍ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.