കുട്ടികളില്‍ അഞ്ചാംപനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കുട്ടികളില്‍ അഞ്ചാംപനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം കൈകോര്‍ത്ത് നടത്തിയ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ നിയന്ത്രണ വിധേയമാക്കിയ അഞ്ചാംപനി കുട്ടികളില്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ വിതരണം വൈകുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിഷ്‌ക്രിയമാകുകയും ചെയ്തതോടെ ലോകമെമ്പാടും അഞ്ചാംപനി കേസുകള്‍ 80 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2021 നെ അപേക്ഷിച്ച് 2022 ല്‍ കേസുകള്‍ 80 ശതമാനം വര്‍ദ്ധിച്ചു. 2021 ലെ ആദ്യ രണ്ട് മാസങ്ങളില്‍ 9,665 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2022 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അത് 17,338 എണ്ണമായി ഉയര്‍ന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ലോകമെമ്പാടും ആഞ്ഞു വീശിയേക്കാവുന്ന കൊടുകാറ്റായി അഞ്ചാംപനി കേസുകള്‍ മാറുമെന്ന് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സിയും യൂണിസെഫും മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് 19 ന്റെ പിടിയില്‍ നിന്ന് രാജ്യങ്ങള്‍ പതിയെ മുക്തമാകുമ്പോള്‍ അഞ്ചാംപനി വ്യാപിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യസംഘടനകള്‍ കാണുന്നത്. കോവിഡ് വാക്‌സിനേഷന് പ്രാധാന്യം നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്ന പതിവ് വാക്‌സിനേഷനുകള്‍ മുടങ്ങുകയോ വൈകുകയോ ചെയ്യുന്നതിനാലാണ് ഇത്തരം രോഗാവസ്ഥകള്‍ പെരുകുന്നതെന്ന് യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസന്‍ പറയുന്നു.



കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി 43 രാജ്യങ്ങളില്‍ മറ്റ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായോ ഭാഗീകമായോ നിര്‍ത്തിവച്ചിരിക്കുകയുമാണ്. ഇതില്‍ അഞ്ചാംപനി പ്രതിരോധന കുത്തിവയ്പ്പ് 73 ദശലക്ഷം കുട്ടികള്‍ക്ക് നഷ്ടമായെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഞ്ച് രാജ്യങ്ങളില്‍ ഇതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം കുറഞ്ഞു. യുഎസില്‍, 2020-2021 അധ്യയന വര്‍ഷത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളിലെ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പുകള്‍ 93.6 ശതമാനമാണ് കുറഞ്ഞതെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.