'പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കില്‍ ഞങ്ങള്‍ക്ക് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്': മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

'പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കില്‍ ഞങ്ങള്‍ക്ക് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്': മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ' പള്ളീലച്ചന്മാര്‍ക്ക് വൈന്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ അനുവാദം കൊടുക്കുന്നുണ്ട്' എന്ന് മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ കത്തോലിക്കാ സഭയെ പരിഹസിച്ചു കൊണ്ട് പിണറായി വിജയന്‍ പറഞ്ഞത് മറന്നിട്ടില്ലെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കില്‍, ഞങ്ങള്‍ക്കത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്, ആ തിരുരക്തത്തെ ചാരി നിര്‍ത്തിക്കൊണ്ടാണ് നിങ്ങള്‍ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാന്‍ ശ്രമിക്കുന്നത് എന്നത് അങ്ങേയറ്റം ദുഖകരമാണെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കുകയാണ്. സര്‍ക്കാരിനോ മുന്നണിക്കോ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അധികാരത്തിലേറി ആറ് വര്‍ഷം കൊണ്ട് മദ്യശാലകള്‍ പത്തിരട്ടിയാക്കിയത് റദ്ദ് ചെയ്ത് ജനങ്ങളോട് മാപ്പ് പറയണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

തലശേരി അതിരൂപതയുടെ അധ്യക്ഷനായി കഴിഞ്ഞ ഇരുപതിനാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.