അഫ്ഗാനില്‍ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സുന്നി പള്ളിയില്‍ സ്ഫോടനം നടന്നത്. റമദാന്‍ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായതിനാല്‍ പള്ളി വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് ആരോപണം.

സംഭവസ്ഥലത്തു തന്നെ 10 പേര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. 15 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് ബിസ്മില്ല ഹബീബ് അറിയിച്ചു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ താലിബാന്‍ ആശുപത്രികളിലേക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് തുടര്‍ച്ചയായി മുസ്ലീം പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. ഈ മാസം 22-ന് അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരിക്കേറ്റത്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്‌ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഈ മാസം തന്നെ ഇതേ പ്രദേശത്ത് സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.