ഓസ്‌ട്രേലിയയില്‍ ഒമിക്രോണിന്റെ രണ്ടു പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു; ആശങ്ക

ഓസ്‌ട്രേലിയയില്‍ ഒമിക്രോണിന്റെ രണ്ടു പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു; ആശങ്ക

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ.4 ആണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ ഒരു യാത്രക്കാരനിലാണ് രാജ്യത്ത് ആദ്യമായി രോഗബാധ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍ ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.

വിക്ടോറിയയിലാണ് മറ്റൊരു വകഭേദമായ ബി.എ 2.12.1 കണ്ടെത്തിയത്. മെല്‍ബണിലെ ടുളാമറൈന്‍ വൃഷ്ടിപ്രദേശത്ത് നിന്നുള്ള മലിനജലത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയത്.

പുതുതായി സ്ഥിരീകരിച്ച വകഭേദങ്ങള്‍ അവയുടെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീവ്രമാണെന്നും കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് ഇതു കാരണമാകുമെന്നും സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റി എപ്പിഡെമിയോളജിസ്റ്റ് അഡ്രിയാന്‍ എസ്റ്റെര്‍മാന്‍ പറഞ്ഞു.

2021 നവംബറില്‍ ഓസ്ട്രേലിയയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ തുടങ്ങിയത്. ഇതിനകം രോഗബാധിതരായവര്‍ക്ക് വീണ്ടും രോഗം വരാനും വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് എളുപ്പത്തില്‍ രോഗം ബാധിക്കാമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം 4000 മുതല്‍ 6000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇത് നൂറോളം കേസുകളായിരുന്നു.

രണ്ടാഴ്ച മുന്‍പാണ് ബിഎ.4, ബിഎ.5 എന്നീ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയത്. ഇവ സംബന്ധിച്ച ഗവേഷണം നടന്നുവരികയാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

തീവ്രതയില്‍ മറ്റു വകഭേദങ്ങളില്‍നിന്ന് വലിയ മാറ്റമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രധാന എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇതിനെതിരേ വാക്‌സിനുകള്‍ എത്രത്തോളം സംരക്ഷണം നല്‍കും എന്നതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് മരിയ പറഞ്ഞു.

ബിഎ.4, ബിഎ.5 വൈറസിന്റെ വ്യാപന ശേഷി എപ്രകാരമാണെന്ന് കണ്ടെത്താന്‍ സമയമെടുക്കുമെന്നും നിലവില്‍ അപായ സൂചനകള്‍ ഇല്ലെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

യുകെ, അമേരിക്ക, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വന്‍ തോതില്‍ രോഗവ്യാപനം ഉണ്ടാകുന്നതിന് ഒമിക്രോണ്‍ വകഭേദം കാരണമായിരുന്നു. ഇതിനുശേഷം ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.2 എന്നിവ സ്ഥിരീകരിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഈ രണ്ട് ഉപവകഭേദങ്ങളുടെയും മിശ്രിത രൂപമായ എക്സ്ഇ വകഭേദം കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26