രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു

രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തെ ഇരുപത്തി ഒമ്പതാമത് കരസേനാ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. ജനറല്‍ എം എം നരാവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെ നിയമിതനായത്.

കാലാവധി പൂര്‍ത്തിയാക്കി നരാവനെ ഇന്ന് പടിയിറങ്ങുകയാണ്. എഞ്ചിനീയറിംഗ് വിഭാഗത്ത് നിന്ന് കരസേനാ മേധാവിയായി എത്തുന്ന ആദ്യത്തെ ഉദ്യോഗസ്ഥന്‍ കൂടിയാണ് മനോജ് പാണ്ഡെ.

സേനയിലെ ഏറ്റവും മുതിര്‍ന്ന ലെഫ്റ്റനന്റ് എന്ന നിലയിലാണ് അടുത്ത കരസേനാ മേധാവിയായി പാണ്ഡെയെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഫെബ്രുവരി ഒന്നിന് സേനയുടെ ഉപമേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സിക്കിം, അരുണാചല്‍ പ്രദേശ് മേഖലകളിലെ നിയന്ത്രണ രേഖകള്‍ (ലൈന്‍ ഒഫ് കണ്‍ട്രോള്‍) സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിന്റെ തലവനായിരുന്നു ജനറല്‍ പാണ്ഡെ.

മേയ് ആറിന് അദ്ദേഹത്തിന് അറുപത് വയസ് തികയുകയാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് ജനറല്‍ പുതിയ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്. നിയന്ത്രണ രേഖയെ സംരക്ഷിക്കുകയും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഗജരാജ് കോര്‍പ്‌സ് കമാന്‍ഡര്‍ ആയാണ് ആദ്യം സേവനമനുഷ്ഠിച്ചത്.

ജനറല്‍ കേഡര്‍ ബ്രിഗേഡിയറായ അദ്ദേഹം ജമ്മു കാശ്‌മീരില്‍ പാകിസ്ഥാനുമായി പങ്കിടുന്ന നിയന്ത്രണരേഖയിലെ ബ്രിഗേഡിന് നേതൃത്വം നല്‍കുകയും പടിഞ്ഞാറന്‍ ലഡാക്കില്‍ ജനറലായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കമാന്റിന്റെ മേധാവിയായും പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഓപ്പറേഷന്‍ പരാക്രം നടക്കുന്ന സമയത്ത് നിയന്ത്രണ രേഖയിലെ എഞ്ചിനീയര്‍ റെജിമെന്റിന്റെ കമാന്‍ഡറായും പ്രവര്‍ത്തിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.