കന്‍സാസ് മേഖലയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു, വൈദ്യുതി ബന്ധം താറുമാറായി

കന്‍സാസ് മേഖലയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു, വൈദ്യുതി ബന്ധം താറുമാറായി

കന്‍സാസ്: അമേരിക്കയുടെ മധ്യപടിഞ്ഞാറാന്‍ മേഖലയായ കാന്‍സാസില്‍ വിവിധ ഇടങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം താറുമാറായി.

വെള്ളിയാഴ്ച്ച വൈകിട്ട് ആരംഭിച്ച ചുഴലിക്കാറ്റ് വിചിറ്റ, ആന്‍ഡവര്‍, സെഡ്ഗ്വിക് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടം വിതച്ചത്. സെഡ്ഗ്വിക്ക് കൗണ്ടിയില്‍ നൂറോളം കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഇവിടെ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബട്‌ലര്‍ കൗണ്ടിയില്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി.



എത്ര കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് കണക്കെടുത്തു വരികെയാണെന്ന് ആന്‍ഡോവര്‍ ഫയര്‍ ചീഫ് ചാഡ് റസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 900 ലധികം കെട്ടിടങ്ങള്‍ക്കെങ്കിലും നാശനഷ്ടം സംഭവിച്ചിരിക്കണം. 6500 ലധികം പേര്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി പോകാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് റസ്സല്‍ പറഞ്ഞു. കന്‍സാസ്, അയോവ, മിസോറി, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങള്‍ക്ക് നാഷണല്‍ വെതര്‍ സര്‍വീസ് ശക്തമായ ഇടിമിന്നലിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.



പതിവായി ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്ന മേഖലയാണ് കന്‍സാസ്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ ഇവിടെ ആവര്‍ത്തിക്കാറുണ്ട്. 1991 ല്‍ 17 പേര്‍ കൊല്ലപ്പെടുകയും 225 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചുഴലിക്കാറ്റാണ് ഇതുവരെ ഇവിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ്. 111 കിലോമീറ്റര്‍ വേഗത്തിലാണ് അന്ന് കാറ്റുവീശിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.