ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ക്വാണ്ടസ്

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ക്വാണ്ടസ്

സിഡ്‌നി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് യാത്രാ സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സായ ക്വാണ്ടസ്. 2025 മുതലാണ് സിഡ്‌നിയില്‍നിന്ന് ലണ്ടനിലേക്കും സിഡ്‌നിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കും നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുക. 19 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഇരു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസ്.

പ്രൊജക്ട് സണ്‍റൈസ് എന്ന പദ്ധതിയുടെ ഭാഗമായി 12 എയര്‍ബസ് എ350-1000 എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ക്കാണ് ക്വാണ്ടസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 2019ല്‍ ക്വാണ്ടസ് ലണ്ടന്‍-സിഡ്‌നി സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയിരുന്നു. 17,800 കിലോമീറ്റര്‍ ദൂരം 19 മണിക്കൂറും 19 മിനിറ്റും കൊണ്ടാണ് പറന്നെത്തിയത്.

16,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ന്യൂയോര്‍ക്ക്-സിഡ്‌നി വിമാന സര്‍വീസ് ഏകദേശം 19 മണിക്കൂറും 16 മിനിറ്റും കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ് ഏറ്റവും ദൈര്‍ഘ്യമുള്ള വിമാനസര്‍വീസ് നടത്തുന്നത്. സിംഗപ്പൂരില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് സര്‍വീസ്. 16,700 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് സിംഗപ്പൂര്‍-ന്യൂയോര്‍ക്ക് സര്‍വീസിനുള്ളത്.

മണിക്കൂറുകള്‍ നീളുന്ന യാത്ര സുഖകരമാക്കാന്‍ വ്യായാമം ചെയ്യാന്‍ ഉള്‍പ്പെടെയുള്ള ഫിറ്റ്‌നസ് റൂം സൗകര്യങ്ങളും വിമാനങ്ങളിലുണ്ടാകും. എല്ലാ ക്ലാസുകളിലും യാത്ര സുഖകരമാക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ എയര്‍ലൈന്‍ തേടുന്നുണ്ടെന്ന് ക്വാണ്ടാസ് ചീഫ് എക്‌സിക്യൂട്ടീവ് അലന്‍ ജോയ്‌സ് പറഞ്ഞു. ക്യാബിന്‍ ഉള്‍പ്പെടെ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

ദീര്‍ഘദൂര യാത്രകള്‍ യാത്രക്കാരില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ അലന്‍ ജോയ്‌സ് 2019-ലെ പരീക്ഷണ യാത്രയില്‍ പങ്കെടുത്തിരുന്നു.

എയര്‍ബസ് എ350-1000 വിമാനത്തില്‍ 238 യാത്രക്കാര്‍ക്ക് ഇരിക്കാം. അതില്‍ 140 സീറ്റുകള്‍ ഇക്കോണമി ക്ലാസിലായിരിക്കും. പ്രഖ്യാപനം സംസ്ഥാനത്തിനു വലിയ നേട്ടമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടെറ്റ് പറഞ്ഞു.

നേരത്തെ വിമാനക്കമ്പനി 2018 മുതല്‍ പെര്‍ത്തിനും ലണ്ടനും ഇടയില്‍ നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ നടത്തിയിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കടുത്ത കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഇവ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ലണ്ടനും ഡാര്‍വിനും ഇടയിലാണ് സര്‍വീസ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.