25 ലക്ഷം രൂപയുടെ വൻ മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍

25 ലക്ഷം രൂപയുടെ വൻ മോഷണം; നാടോടി സ്ത്രീകള്‍ പിടിയില്‍

കൊച്ചി: പണവും വിലപിടിപ്പുള്ള വസ്തുക്കളും അടച്ചിട്ട വീടുകളില്‍നിന്ന് മോഷ്ടിക്കുന്ന നാടോടി സ്ത്രീകള്‍ പൊലീസ് പിടിയില്‍. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍ എകെജി റോഡില്‍ മണിക്കുന്ന് വീട്ടില്‍, മാരിമുത്തുവിന്റെ ഭാര്യ ദേവി (22), മുത്തപ്പന്റെ ഭാര്യ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ കയറി 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികള്‍ മോഷ്ടിച്ചത്. മോഷണം നടന്ന വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു.

പിന്നീട് അന്വേഷണ സംഘം ആ വീടിന്റെ പരിസരത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നാടോടികളെ കുറിച്ച്‌ വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതിയെ പരിശോധിച്ചതില്‍ മോഷണമുതലിന്റെ കുറച്ചു ഭാഗം ശരീര ഭാഗത്തുനിന്ന് തന്നെ കണ്ടു കിട്ടി. ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച്‌ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കി വെച്ച്‌ മോഷണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

ചില വീടുകളില്‍ രാത്രി സമയങ്ങളില്‍ ഇവരോടൊപ്പമുള്ള പുരുഷന്മാരാണ് മോഷണത്തിന് കയറുന്നത്. ആ സമയം ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടെങ്കില്‍ ആക്രമിക്കാനും മടിക്കില്ല. സിസിടിവി ക്യാമറ ഉള്ള വീടുകളെ പൂര്‍ണമായും ഒഴിവാക്കുകയാണ് പതിവ്. ആരുമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടാണെന്ന് മനസിലാക്കാന്‍ എന്തെങ്കിലും അടയാളം ചെയ്ത് വയ്ക്കും. പിന്നീട് വന്ന് മോഷണം നടത്തുകയാണ് പതിവ്.

സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ കുട്ടികളുമായി ആക്രി സാധനങ്ങള്‍ ശേഖരിക്കുവാന്‍ എന്ന വ്യാജേന വരുന്ന നാടോടി സ്ത്രീകളെ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.