ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം: മനുഷ്യരാശിയുടെ മുറിവുകള്‍ ലോകത്തെ അറിയിക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് മാര്‍പാപ്പ

ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം:  മനുഷ്യരാശിയുടെ മുറിവുകള്‍  ലോകത്തെ അറിയിക്കുന്നവര്‍ക്ക്  നന്ദി പറഞ്ഞ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തൊഴിലിനിടെ ജീവന്‍ നഷ്ടപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെ അനുസ്മരിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും ഫ്രാന്‍സിസ് പാപ്പ. ഇന്ന് ലോക പത്രസ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ മനുഷ്യരാശിയുടെ മുറിവുകള്‍ ധീരമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ അഭിനന്ദിക്കുകയും സ്വതന്ത്ര മാധ്യമങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.

ഞായറാഴ്ച്ച പ്രതിവാര പ്രാര്‍ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ്, സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വാസികളോട് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദരവ് മാര്‍പാപ്പ പങ്കുവച്ചത്.

മാധ്യമസ്വാതന്ത്ര്യത്തിനായി സ്വയം സമര്‍പ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ എല്ലാ ആദരവോടെയും ഓര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 47 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 350 ലധികം പേര്‍ രാജ്യാന്തര തലത്തില്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ ഉദ്ധരിച്ച് പരിശുദ്ധ പിതാവ് പറഞ്ഞു. 2021-ല്‍ 55 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് യുനെസ്‌കോയുടെ കണക്ക്.

'മനുഷ്യരാശിയുടെ മുറിവുകളെക്കുറിച്ച് ധൈര്യപൂര്‍വം ലോകത്തെ അറിയിക്കുന്നവര്‍ക്ക് പ്രത്യേക നന്ദി' - പാപ്പ പറഞ്ഞു

റഷ്യ-ഉക്രെയ്ന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ മാസം ആദരാജ്ഞലി അര്‍പ്പിച്ചിരുന്നു. പൊതുനന്മയ്ക്കായുള്ള ഈ മഹത്തായ സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുമെന്ന് പാപ്പ പ്രതീക്ഷ പ്രകടിപ്പിച്ചു.

യുദ്ധ റിപ്പോര്‍ട്ടിംഗിനിടെ ഏഴ് മാധ്യമപ്രവര്‍ത്തകരെങ്കിലും മരിച്ചതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് സ്ഥിരീകരിക്കുന്നു.

ഉക്രെയ്നില്‍ പ്രസ് ബാന്‍ഡ് ധരിച്ച മാധ്യമപ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.