റഷ്യയില്‍ താല്‍ക്കാലിക അധികാരക്കൈമാറ്റം? പുടിന്‍ അര്‍ബുദ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

റഷ്യയില്‍ താല്‍ക്കാലിക അധികാരക്കൈമാറ്റം? പുടിന്‍ അര്‍ബുദ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അര്‍ബുദ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി തല്‍ക്കാലികമായി അധികാരം ഏറ്റവും അടുത്ത വിശ്വസ്തന് കൈമാറിയതായും സൂചനയുണ്ട്. റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കൊളായ് പട്രൂഷേവിനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗമുള്‍പ്പെടെ പുടിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. അര്‍ബുദ ശസ്ത്രക്രിയയ്ക്കായി കുറച്ചുകാലം പ്രസിഡന്റ് അവധിയില്‍ പ്രവേശിക്കുമെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് മുന്‍ ലഫ്റ്റനന്റ് ജനറല്‍ നടത്തുന്നതെന്നു പറയപ്പെടുന്ന ടെലഗ്രാം ചാനലായ ജനറല്‍ എസ്.വി.ആറിനെ ഉദ്ധരിച്ചാണ് യു.എസ് മാധ്യമത്തിന്റെ വാര്‍ത്ത.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ പുടിനെ അലട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈയടുത്തായി പുറത്തുവന്ന പല ചിത്രങ്ങളും അതിനെ സാധൂകരിക്കുന്നതായിരുന്നു.

ഭരണമാറ്റം സംബന്ധിച്ച് നിക്കൊളായ് പട്രൂഷേവുമായി പുടിന്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റുന്നത് പട്രുഷേവിനെയാണെന്നും ആരോഗ്യനില കൂടുതല്‍ മോശമായാല്‍ സര്‍ക്കാരിന്റെ പൂര്‍ണചുമതല പട്രുഷേവിനായിരിക്കുമെന്നും പുടിന്‍ അദ്ദേഹത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പട്രുഷേവ് പുടിനെക്കാള്‍ ക്രൂരനാണെന്നും അദ്ദേഹം അധികാരത്തിലെത്തിയാല്‍ റഷ്യയുടെ പ്രശ്നങ്ങള്‍ പല മടങ്ങായി വര്‍ധിക്കുമെന്നുമാണ് ടെലഗ്രാം ചാനലില്‍ പറയുന്നത്.

എന്നാല്‍ അധിക കാലത്തേക്ക് പുടിന്‍ ഭരണം കൈമാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ മാറ്റം സംബന്ധിച്ച വാര്‍ത്ത റഷ്യ സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്തയിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ യുഎസ് പ്രതിരോധ മന്ത്രാലയത്തിനും കഴിഞ്ഞിട്ടില്ല. പുടിന്റെ ആരോഗ്യം സംബന്ധിച്ച് സമാനമായ വിവരങ്ങള്‍ അമേരിക്കയുടെ പക്കല്‍ ഇല്ലെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

റഷ്യയ്ക്കുള്ളിലെ സൈനിക-സുരക്ഷാ വിഷയങ്ങളില്‍ മാര്‍ഗോപദേശം നല്‍കുന്ന, നിര്‍ണായക സമിതിയാണ് സെക്യൂരിറ്റി കൗണ്‍സില്‍. ഇതിന്റെ സെക്രട്ടറിയാണ് പട്രുഷേവ്. പ്രസിഡന്റ് പുടിനുമായി ഏറെ അടുപ്പമുള്ള സമിതിയാണിത്. പുതിനെപ്പോലെ തന്നെ റഷ്യയുടെ ഇന്റലിന്‍ജന്‍സ് ഏജന്റായാണ് പട്രുഷേവും ഔദ്യോഗികജീവിതം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.