നിമിഷ പ്രിയയുടെ മോചനം: യൂസഫലി ഇടപെടുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

 നിമിഷ പ്രിയയുടെ മോചനം: യൂസഫലി ഇടപെടുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യുഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി യൂസഫലി ഇടപെടുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചര്‍ച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകളെല്ലാം എകോപിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വൈകാതെ ആരൊക്കെ യെമനിലേക്ക് പോകണമെന്നതില്‍ തീരുമാനമെടുക്കും. ഇന്ത്യയില്‍ നിന്നുള്ള സംഘം യെമനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേര്‍ന്നാകും മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുക. നേരത്തെ നിമിഷ പ്രിയയെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരിക്കും നേതൃത്വം നല്‍കുക എന്ന വിവരം പുറത്ത് വന്നിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി നിമിഷയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' ന്റെ ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുന്നത്. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയ്യാറെന്ന് യെമന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 മില്യണ്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) എങ്കിലും ബ്ലഡ്മണിയായി നല്‍കേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍ട്ടിയും നല്‍കണം.

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മോചന സാധ്യത മങ്ങിയിരുന്നു. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത പുറത്ത് വരുന്നത്. തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയെ അറിയിച്ചു. 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം 70 ലക്ഷം രൂപ) ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബത്തിന് നല്‍കണം. കോടതി ചെലവും പെനാല്‍ട്ടിയുമായി 10 മില്യണ്‍ റിയാല്‍ (ഏകദേശം 14 ലക്ഷം രൂപ) അടയ്ക്കുകയും വേണം. യൂസഫലി കൂടി ഇടപെടുന്നതോടെ നിമിഷ പ്രിയ മോചനം സാധ്യമാകുമെന്ന പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.