വടക്കന്‍ അയര്‍ലന്‍ഡില്‍ ചരിത്ര വിജയം നേടി സിന്‍ ഫെയിന്‍; തിരശീല വീണത് യൂണിയന്‍ പാര്‍ട്ടികളുടെ രണ്ട് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന്

വടക്കന്‍ അയര്‍ലന്‍ഡില്‍ ചരിത്ര വിജയം നേടി സിന്‍ ഫെയിന്‍; തിരശീല വീണത് യൂണിയന്‍ പാര്‍ട്ടികളുടെ രണ്ട് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന്

ബെല്‍ഫാസ്റ്റ്: വ്യാഴാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ അയര്‍ലന്റില്‍ ചരിത്ര വിജയത്തോടെ ഐറിഷ് നാഷണല്‍ പാര്‍ട്ടി സിന്‍ ഫെയിന്‍ അധികാരത്തേിലേക്ക്. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ നിയമസഭയിലെ 90 സീറ്റുകളില്‍ 27 സീറ്റ് സിന്‍ ഫെയിന്‍ നേടി.

അയര്‍ലന്‍ഡിന്റെ ചരിത്രത്തിലാധ്യമായാണ് ഒരു പാര്‍ട്ടിക്ക് ഇത്രയും ഭൂരിപക്ഷം ലഭിക്കുന്നത്. ചരിത്ര വിജയം അയര്‍ലന്‍ഡിന്റെ ഒരു പുതിയ യുഗത്തിനാണ് ആരംഭം കുറിച്ചിരിക്കുന്നതെന്ന് സിന്‍ ഫെയിന്‍ വൈസ് പ്രസിഡന്റും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ നിലവിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററുമായ മിഷേല്‍ ഒ നീല്‍ പറഞ്ഞു.

രണ്ട് പതിറ്റാണ്ടായി വടക്കന്‍ അയര്‍ലന്‍ഡിന്റെ നിയമസഭയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. മറ്റൊരു കക്ഷിയായ സെന്‍ട്രല്‍ അലയന്‍സ് പാര്‍ട്ടി 17 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി. 1921-ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്ഥാപിതമായതിന് ശേഷം സിന്‍ ഫെയിന്‍ പാര്‍ട്ടി ആദ്യമായാണ് ഒന്നാം മന്ത്രി പദത്തിലേക്ക് എത്തുന്നത്. മിഷേല്‍ ഒ നീല്‍ തന്നെയാകും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ പുതിയ ഭരണാധികാരിയും.



നോര്‍ത്തേണ്‍ അയര്‍ലന്‍ഡും അയര്‍ലന്‍ഡുമായുള്ള ഏകീകരണം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് സിന്‍ ഫെയിന്‍. യുകെ ഭരണത്തില്‍ നിന്ന് വടക്കന്‍ അയര്‍ലണ്ടിനെ മോചിപ്പിക്കാന്‍ പതിറ്റാണ്ടുകളായി സായുധ വിപ്ലവം നടത്തുന്ന അര്‍ദ്ധസൈനിക വിഭാഗമായ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായി സിന്‍ ഫെയിന് ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ട്. കൂടാതെ ഐറിഷ് റിപ്പബ്ലിക്കന്‍ പോരാളികളായ പ്രൊട്ടസ്റ്റന്റ് ലോയലിസ്റ്റുമായും നല്ല ബന്ധം സ്ഥാപിച്ചുവരുന്നു. സിന്‍ ഫെയിന്‍ അധികാരത്തില്‍ വരുന്നതോടെ അയര്‍ലന്‍ഡിന്റെ ഏകീകരണം ആകും മുഖ്യ അജണ്ട.

അയര്‍ലന്‍ഡില്‍ ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും മതപരമോ രാഷ്ട്രീയമോ സാമൂഹികമോ ആയ പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ, ഭരണം നടത്തുക എന്നതാണ് ലക്ഷ്യമെന്നും സിന്‍ ഫെയിന്‍ വൈസ് പ്രസിഡന്റ് മിഷേല്‍ ഒ നീല്‍ പറഞ്ഞു. അയര്‍ലന്‍ഡിന്റെ സാമ്പത്തിക സുസ്തിരത, മികച്ച ആരോഗ്യ സേവനം തുടങ്ങിയവയാണ് സിന്‍ ഫെയിന്‍ മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനങ്ങള്‍. സിന്‍ ഫെയിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത ആഴ്ച്ച നിലവില്‍ വരുമെന്നും മിഷേല്‍ പറഞ്ഞു.

കൂട്ടുകക്ഷി ഭരണസമിതി തന്നെയാകും ഇത്തവണയും വടക്കന്‍ അയര്‍ലന്‍ഡിനെ ഭരിക്കുക. എന്നാല്‍ ഒന്നാം മന്ത്രി പദത്തിലേക്ക് സിന്‍ ഫെയിന്‍ വരുന്നു എന്നതാണ് ചരിത്രപരമായ മാറ്റം. വടക്കന്‍ അയര്‍ലന്‍ഡ് നിലവില്‍ വന്ന ശേഷം രണ്ടാംകക്ഷിയോ മൂന്നാം കക്ഷിയോ മാത്രമായിരുന്നു സിന്‍ ഫെയിന്‍. കഴിഞ്ഞ ഭരണ സമിതിയിലെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ പദവിയാണ് സിന്‍ ഫെയിന്‍ ഇതുവരെ വഹിച്ച ഏറ്റവും ഉന്നത സ്ഥാനം. എന്നാല്‍ ചരിത്ര വിജയത്തോടെ സിന്‍ ഫെയിന്‍ അധികാര കസേരയിലേക്ക് എത്തുകയാണ്.

യൂണിയന്‍ പാര്‍ട്ടികള്‍ക്കുള്ള പിന്തുണ കുറയുന്നതിന്റെ സൂചനയാണ് സിന്‍ ഫെയിന്റെ വിജയം. ചരിത്രപരമായ മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. കാരണം സമീപ ഭാവിയില്‍ അധികാര പങ്കിടല്‍ രാഷ്ട്രീയത്തിന് തിരശീല വീഴുന്നതിന് ഇത് വഴിയൊരുക്കിയേക്കുമെന്ന് ഇവര്‍ കരുതുന്നു.



കത്തോലിക്ക-പ്രൊട്ടസ്റ്റന്റ് സംഘര്‍ഷം അവസാനിപ്പിച്ച 1998 ലെ സമാധാന ഉടമ്പടിയുടെ ഭാഗമായാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഭരണസമിതിയില്‍ നിര്‍ബന്ധിത അധികാരം പങ്കിടല്‍ സമ്പ്രദായം കൊണ്ടുവന്നത്. പ്രഥമ മന്ത്രിയുടെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററിന്റെയും സ്ഥാനങ്ങള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച പാര്‍ട്ടികള്‍ പങ്കു വയ്ക്കും.

ഒന്നാം മന്ത്രി പദത്തിലേക്ക് സിന്‍ ഫെയിന്‍ വരുമ്പോള്‍ സ്വഭാവികമായും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ പദവിക്ക് രണ്ടാം കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കാണ് അവകാശം. എന്നാല്‍ സിന്‍ ഫെയിന്റെ വിജയം അംഗീകരിക്കാന്‍ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി കൂട്ടാക്കുന്നില്ല. സിന്‍ ഫെയ്‌ന്റെ ഫസ്റ്റ് മിനിസ്റ്ററിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.