ന്യൂഡല്‍ഹി: ജി.എസ്.ടി വരുമാനം റെക്കോഡ് കുറിച്ചതിന് പിന്നാലെ ഇ-വേ ബില്ലുകളുടെ എണ്ണം കുറയുന്നത് കേന്ദ്ര സര്‍ക്കാരിന് ആശങ്കയാകുന്നു. ഏപ്രിലില്‍ ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന 1.68 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച 1.42 ലക്ഷം കോടി രൂപയായിരുന്നു ഇതിനു മുമ്പത്തെ റെക്കോഡ്.
2,689 കോടി രൂപയാണ് കേരളം ഏപ്രില്‍ നേടിയ ജി.എസ്.ടി വരുമാനം. 2021 ഏപ്രിലിലെ 2,466 കോടി രൂപയേക്കാള്‍ ഒമ്പത് ശതമാനം മാത്രമാണ് വളര്‍ച്ച. പ്രതിമാസം 14 ശതമാനത്തിന് താഴെ വളരുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുപാതിക നഷ്ടപരിഹാരം കേന്ദ്രം നല്‍കിയിരുന്നു.
ഈ ആനുകൂല്യം ജൂണില്‍ അവസാനിക്കും. ജൂണിന് ശേഷവും വരുമാന വളര്‍ച്ച 14 ശതമാനത്തിനുമേല്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രാജ്യത്ത് സമ്പദ് പ്രവര്‍ത്തനങ്ങളുടെ ട്രെന്‍ഡ് നിശ്ചയിക്കുന്ന മുഖ്യഘടകവും ജി.എസ്.ടി വരുമാനത്തിന്റെ മുഖ്യ സ്രോതസുകളിലൊന്നുമായ ഇ-വേ ബില്ലുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.8 കോടിയില്‍ നിന്ന് മാര്‍ച്ചില്‍ 13 ശതമാനം ഉയര്‍ന്ന് 7.7 കോടിയില്‍ എത്തിയിരുന്നു. ഇതോടെയാണ് മാര്‍ച്ചിലെ ഇടപാടുകളുടേതായി ഏപ്രിലില്‍ നടന്ന ജി.എസ്.ടി സമാഹരണം റെക്കോഡ് നേട്ടത്തിലെത്തിയത്.
എന്നാല്‍, ഏപ്രിലില്‍ ഇ-വേ ബില്ലുകള്‍ നാല് ശതമാനം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏപ്രിലിലെ ഇടപാടുകളുടെ നികുതി സമാഹരണം ഈമാസം നടക്കുകയാണ്. ഇതിന്റെ കണക്ക് ജൂണ്‍ ഒന്നിന് പുറത്തുവരും. ഇ-വേ ബില്ലുകള്‍ കുറഞ്ഞതിനാല്‍ മെയ് മാസത്തെ ജി.എസ്.ടി സമാഹരണം കുറയുമെന്നാണ് കരുതപ്പെടുന്നത്.
മാര്‍ച്ചില്‍ പ്രതിദിനം 25.08 ലക്ഷം ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഏപ്രിലില്‍ ഇത് 25 ലക്ഷത്തിലേക്ക് കുറഞ്ഞു. 50,000 രൂപയ്ക്കുമേല്‍ മൂല്യമുള്ള ചരക്ക്/സേവനത്തിന്റെ സംസ്ഥാനാന്തര നീക്കത്തിനുള്ള അനിവാര്യരേഖയാണ് ഇലക്ട്രോണിക് വേ ബില്‍ അഥവാ ഇ-വേ ബില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.