ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തിനാലാം ഭാഗം.
നിക്കൊളാസ് സ്റ്റെനോ എന്ന പേര് നമ്മില്‍ ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പല ശാസ്ത്രീയ നിരീക്ഷണങ്ങളും നമ്മില്‍ പലര്‍ക്കും സുപരിചിതമാണ്. എന്നാല്‍ അവ പറഞ്ഞു തുടങ്ങുമ്പോള്‍ ഇവയെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്ന് പലരും നെറ്റി ചുളിച്ചേക്കാം.
നിക്കൊളാസ് സ്റ്റെനോ അവ പറയുന്നതിനു മുമ്പുള്ള കാലത്തു അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. ഭൂമിശാസ്ത്രവും ശരീരശാസ്ത്രവും ഒരേപോലെ അറിയാമായിരുന്ന കത്തോലിക്കാ മെത്രാനായിരുന്നു അദ്ദേഹം.
1638 ജനുവരി ഒന്നിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ എന്ന സ്ഥലത്താണ് ജനനം. പിതാവ് ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ ആയിരുന്നു. സ്റ്റെനോക്ക് ആറ് വയസുള്ളപ്പോള്‍ പിതാവ് മരണമടയുകയും തുടര്‍ന്ന് മാതാവ് അതേ ജോലി തുടര്‍ന്ന് കുടുംബം പുലര്‍ത്തുകയും ചെയ്തു.
പ്ലേഗ് പിടിപെട്ട കാലത്ത് അദ്ദേഹത്തിന്റെ സമപ്രായക്കാരായ പല കുട്ടികളും മൃതിപ്പെട്ടെങ്കിലും നിക്കൊളാസ് സ്റ്റെനോ രക്ഷപെട്ടു. അദ്ദേഹം ജീവിച്ചിരിക്കണമെന്നതും ശാസ്ത്രത്തെ വളര്‍ത്തണമെന്നതും ഒരു നിയോഗമായിരുന്നു എന്നപോലെ അത്ഭുതകരമായി അദ്ദേഹം കാത്തു സൂക്ഷിക്കപ്പെട്ടു. ചെറുപ്പത്തില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്‌റ്റെനോയെ സമപ്രായക്കാരായ കുട്ടികളില്‍നിന്നും മാറ്റി നിര്‍ത്തിയിരുന്നു.
അതിനാല്‍ അദ്ദേഹത്തിന്റെ ചങ്ങാത്തവും സംസാരവും തന്നെക്കാള്‍ പ്രായം കൂടിയവരോടായിരുന്നു. ഇത് സ്റ്റെനോയുടെ വീക്ഷണങ്ങളെ വളരെ ചെറുപ്പത്തില്‍ തന്നെ പക്വമാക്കാനും വികസിപ്പിക്കാനും സഹായിച്ചു. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, അറബിക്, ജര്‍മന്‍, ഫ്രഞ്ച്, ഡച്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്ന അദ്ദേഹം ഭാഷാപരിജ്ഞാനത്തില്‍ അതി നിപുണനായിരുന്നു.
പത്തൊന്‍പതാം വയസില്‍ കോപ്പന്‍ഹേഗനിലെ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം തന്റെ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. തുടര്‍ന്ന് യൂറോപ്പില്‍ പല രാജ്യങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ച് തന്റെ അറിവ് വിപുലപ്പെടുത്തി. 1667 ല്‍ മാര്‍പാപ്പയുടെ ഒരു ചടങ്ങ് വീക്ഷിക്കുക വഴി ഉള്ളിലുണ്ടായ ആഗ്രഹംമൂലം അദ്ദേഹം ലൂഥറന്‍ സഭയില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്നു. 1675 ല്‍ വ്രതത്രയങ്ങള്‍ സ്വീകരിച്ചു കത്തോലിക്കാസഭയില്‍ സന്യാസിയായി.
ലൂഥറന്‍ സഭയില്‍ നിന്നും അനേകരെ കത്തോലിക്കാസഭയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കു വഹിച്ചയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ 1676 ല്‍ ഇന്നസെന്റ് പതിനൊന്നാമന്‍ മാര്‍പാപ്പ മെത്രാനായി നിയമിച്ചു. അദ്ദേഹത്തിന്റെ ശേഷമുള്ള ജീവിതം ശാസ്ത്ര വിഷയങ്ങളോടൊപ്പം വിശ്വാസ കാര്യങ്ങളും തീക്ഷ്ണതയോടെ കൈകാര്യം ചെയ്യുന്ന തരത്തിലായിരുന്നു.
1660 ല്‍ മനുഷ്യശരീരത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ആംസ്റ്റര്‍ഡാമിലേക്ക് പോയി. അവിടെ വെച്ചാണ് മനുഷ്യശരീരത്തിലെ parotid salivary duct അഥവാ Stensen's duct അദ്ദേഹം കണ്ടുപിടിക്കുന്നത്. ഈ ഭാഗമാണ് ഉമിനീരിനെ അത് ഉത്പാദിപ്പിക്കുന്നിടം മുതല്‍ നാവ് വരെ സംവഹിക്കുന്നത്. മനുഷ്യ ഹൃദയവുമായി ബന്ധപ്പെട്ട് വളരെ സുപ്രധാനമായ ഒരു കണ്ടുപിടുത്തം നടത്തുന്നത് നിക്കൊളാസ് സ്റ്റെനോ ആണ്. ഗാലന്റെ കാലം മുതല്‍ അന്നുവരേയും കരുതിയിരുന്നത് ഹൃദയം ഹൃദയത്തിലെ ചൂടിന്റെ കേന്ദ്രമാണ് എന്നാണ്.
എന്നാല്‍ നിക്കൊളാസ് സ്റ്റെനോ ആണ് ആദ്യമായി ഹൃദയം പേശികള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. Observations on Muscles and Glands എന്ന തന്റെ ഗ്രന്ഥത്തിലാണ് ഈ നിരീക്ഷണം അദ്ദേഹം ആദ്യമായി പുറത്തറിയിക്കുന്നത്. പാദുവ ഫ്‌ളോറെന്‍സ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ പ്രഥമ ശരീര ശാസ്ത്ര അധ്യാപകന്‍ ആണ് നിക്കൊളാസ് സ്റ്റെനോ എന്നത് എത്രത്തോളം ഈ വിഷയത്തില്‍ അദ്ദേഹം പ്രാവീണ്യം നേടിയെന്നതിനും മാര്‍ഗദര്‍ശിയായെന്നതിനും തെളിവാണ്.
ഭൗമ ശാസ്ത്രത്തില്‍ അദ്ദേഹം 1669 ല്‍ പുറത്തിറക്കിയ പുസ്തകമാണ് Dissertationis prodromus. സ്‌ട്രെറ്റി ഗ്രാഫിയുടെ ആദ്യ നിയമങ്ങള്‍ ഈ പുസ്തകത്തിലാണ് നാം കാണുന്നത്. ഭൗമ ശാസ്ത്രത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ച പ്രധാന ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. The principle of original horizontality: എല്ലാ പാറകളും ചക്രവാളത്തിനു തിരശ്ചീനമായാണ് രൂപപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇവയുടെ ഈ തിരശ്ചീന സ്വഭാവത്തിന് മാറ്റം വരാം. അങ്ങനെ വരുമ്പോള്‍ അവ ചക്രവാളത്തോട് ഒരു പ്രത്യേക ആംഗിളില്‍ രൂപപ്പെടുന്നു.
2. The law of superposition: ഒരു പാറ എത്രത്തോളം ആഴമുള്ളതാണോ അത് അത്രത്തോളം പഴക്കമുള്ളതാണ്. പാറയ്ക്ക് പാളികള്‍ അല്ലെങ്കില്‍ അടുക്കുകള്‍ കൂടുമ്പോള്‍ അവയുടെ പ്രായം കൂടുതലാണ് എന്ന് ഗണിക്കാം. ഏറ്റവും പ്രായമുള്ള അടുക്കുകള്‍ ഏറ്റവും അടിയിലും ഏറ്റവും പുതിയ അടുക്കുകള്‍ ഏറ്റവും മുകളിലുമാണ് കാണപ്പെടുക.
3. The principle of lateral continuity: പാറയുടെ പാളികള്‍ എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നു. സമാന സ്വഭാവമുള്ള പാറയുടെ പാളികള്‍ താഴ്വാരങ്ങളാല്‍ വിഭജിതമായി കാണപ്പെടുമ്പോള്‍ അവ യഥാര്‍ത്ഥത്തില്‍ രൂപപ്പെട്ട കാലത്ത് ഒരുമിച്ചായിരുന്നു എന്ന് നമുക്ക് നിരൂപിക്കാന്‍ സാധിക്കും.
4. The principle of cross-cutting relationships: ഭൗമ പ്രത്യേകതകളില്‍ ഏതൊന്നാണോ മറ്റൊന്നിനെ തുളച്ചു കയറുന്നത് അതാണ് അവ രണ്ടില്‍ നവീനമായത്.
നാമിന്ന് ഭൂമിയെ കാണുകയും മനസിലാക്കുകയും ചെയ്യുന്ന അടിസ്ഥാന രീതിശാസ്ത്രം തന്നെ മാറ്റിയ വ്യക്തിയാണ് നിക്കൊളാസ് സ്റ്റെനോ. അദ്ദേഹം ഭൂമിയെപ്പറ്റി നിരീക്ഷിച്ച കാര്യങ്ങള്‍ ഭൗമ ശാസ്ത്രത്തിനു അടിത്തറ പാകി. ഇന്നത്തെ കാലത്ത് നമുക്ക് പരിചിതമായതും എന്നാല്‍ അന്ന് ആരും ചിന്തിച്ചിട്ടില്ലാത്തതുമായ ഫോസിലുകളെപ്പറ്റിപ്പോലും അദ്ദേഹം പഠനം നടത്തി.
ഫോസിലുകള്‍ കഴിഞ്ഞ കാലങ്ങളിലെ ജന്തുജീവികളുടെ ജൈവിക അവശിഷ്ടങ്ങള്‍ രൂപാന്തരം പ്രാപിച്ചതാണെന്നത് ഉത്തരാധുനിക യുഗത്തില്‍ നമുക്ക് പുതിയൊരറിവല്ലെങ്കിലും അന്നത്തെ കാലത്തെ സാമാന്യജനത്തിനു അതൊരു പുതിയ അറിവായിരുന്നു.
1686 ല്‍ ഉദരസംബന്ധമായ അസുഖം മൂലം 48-ാം വയസില്‍ അദ്ദേഹം മൃതിയടഞ്ഞു. ഭൗതികശരീരം ഇറ്റലിയിലെ ഫ്‌ളോറെന്‍സിലേക്ക് സംവഹിക്കപ്പെടുകയും അവിടെ സെന്റ് ലോറെന്‍സോ ബസിലിക്കയില്‍ അടക്കപ്പെടുകയും ചെയ്തു. 1988 ല്‍ അദ്ദേഹം ഭാഗ്യ സ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.