കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതിനു പിന്നാലെ രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷം. മഹിന്ദ രാജപക്‌സെ അനുകൂലികളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഭരണപക്ഷ എം.പി അമരകീര്‍ത്തി അത്തുകോറള കൊല്ലപ്പെട്ടു. വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ കാര്‍ തടഞ്ഞവര്‍ക്കു നേരെ വെടിയുതിര്‍ത്ത അമരകീര്‍ത്തി പിന്നീട് പ്രതിഷേധക്കാരില്‍നിന്നു രക്ഷനേടാന്‍ അഭയം തേടിയ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എം.പിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തി.
ക്ഷുഭിതരായ ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ കെട്ടിടം വളഞ്ഞതോടെ സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് എം.പി സ്വയം വെടിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എം.പിയുടെ മരണം സംബന്ധിച്ച് ശ്രീലങ്ക കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മന്ത്രി മന്ദിരങ്ങളും മേയറുടെ വസതിയും പ്രതിഷേധക്കാര്‍ തകര്‍ത്തു. മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെമ്പിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
ആഴ്ചകളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും ജനകീയ പ്രതിഷേധത്തിനുമൊടുവിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഇന്ന് രാജി വച്ചത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രാജി. ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. ഇതിനെ നേരിടാന്‍ രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്
പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.