കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ മുന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയും കുടുംബത്തെയും സൈന്യം നാവിക താവളത്തിലേക്കു മാറ്റി. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്തുള്ള ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്കാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ രജപക്‌സെയും കുടുംബത്തെയും മാറ്റിയത്. ഹെലികോപ്റ്ററിലാണ് ഇവര്‍ നാവികകേന്ദ്രത്തിലെത്തിയത്. തലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ഈ കേന്ദ്രം.
സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയോടുള്ള കലിയടങ്ങാതെ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു മുന്നിലേക്ക് നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്. പെട്രോള്‍ ബോംബുകളടക്കം പ്രതിഷേധക്കാര്‍ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രജപക്‌സെയും കുടുംബത്തെയും കനത്ത സൈനിക കാവലില്‍ ഹെലികോപ്റ്ററില്‍ നാവിക താവളത്തിലേക്കു മാറ്റിയത്. അതേസമയം, രജപക്‌സെ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലങ്കയില്‍ ശക്തമാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പൊലീസുകാരെയും സൈനികരെയുമാണ് കര്‍ഫ്യുവിന്റെ ഭാഗമായി വിന്യസിച്ചത്. എന്നിട്ടും ഒറ്റ രാത്രി കൊണ്ട് ഭരണകക്ഷിയിലുള്ള 41 പേരുടെ വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്.
രജപക്‌സെയുടെ അനുയായികള്‍ ആയുധങ്ങളുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ നേരിട്ടതോടെയാണ് തിങ്കളാഴ്ച ആക്രമണം ആരംഭിച്ചത്. പ്രധാനമന്ത്രി രാജിവെച്ചങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. രജപക്‌സെ രാജിവെച്ച തിങ്കളാഴ്ചയടക്കം നടന്ന അക്രമങ്ങളില്‍ ഇരുന്നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.