ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രസിഡന്റ് മസ്തിഷ്‌ക രോഗത്തിന് ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്. മസ്തിഷ്‌കത്തെ ഗുരുതരമായി ബാധിക്കുന്ന സെറിബ്രല്‍ അന്യൂറിസം എന്ന രോഗമാണ് ഷീ ജിന്‍പിങിനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തലച്ചോറിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ ദുര്‍ബലമായ ഭാഗത്ത് മുഴ ഉണ്ടാകുന്ന അവസ്ഥയാണ് സെറിബ്രല്‍ അന്യൂറിസം അല്ലെങ്കില്‍ ഇന്‍ട്രാക്രാനിയല്‍ അന്യൂറിസം. സെറിബ്രല്‍ അന്യൂറിസം വികസിക്കുകയും രക്തക്കുഴലുകളുടെ മതില്‍ വളരെ നേര്‍ത്തതായിത്തീരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് പൊട്ടി തലച്ചോറിന് ചുറ്റുമുള്ള സ്ഥലത്തേക്ക് രക്തം ഒഴുകും. ഇത് മരണത്തിന് വരെ കാരണമാകുന്നു.
രോഗാവസ്ഥ രൂക്ഷമായതിനെത്തുടര്‍ന്ന് പ്രസിഡന്റിനെ 2021 അവസാനത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഈ രോഗത്തിന്റെ പ്രധാന ചികിത്സാ വിധികളിലൊന്നായ ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് ചികിത്സ സ്വീകരിക്കാനാണ് ഷീ ജിന്‍പിംഗിന്റെ തീരുമാനമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഷീ ജിന്‍പിങ് ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. 2019 ലെ ഇറ്റലി സന്ദര്‍ശനത്തില്‍ ഷീ ജിന്‍പിങ് നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.  മാത്രമല്ല അതേവര്‍ഷം നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇരിക്കുന്നതിനായി അദ്ദേഹം പരസഹായം തേടിയതും വാര്‍ത്തയായിരുന്നു. പ്രസംഗങ്ങളില്‍ വളരെ പതിയെ മാത്രം സംസാരിക്കുന്നതും ഇടക്കിടെ ചുമയ്ക്കുന്നതും സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
സെറിബ്രല്‍ അന്യൂറിസത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവര്‍ക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രായം, കുടുംബാംഗങ്ങളില്‍ അന്യൂറിസം ഉള്ളവര്‍ ഉള്ളത്, തലയ്‌ക്കേല്‍ക്കുന്ന പരിക്ക്, അതിറോസ് ക്ലീറോസിസ് എന്നിവ കാരണമായി പറയപ്പെടുന്നു.
ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കേയാണ് ഷീ ജിന്‍ പിങിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തു വരുന്നത്. മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ കോവിഡ് വ്യാപന പ്രതിസന്ധിയാണ് ചൈന നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിലെ തന്ത്രപ്രധാനമായ നഗരങ്ങളായ ബീജിംഗിലും ഷാങ്ഹായിലും കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.