പള്ളിമണികള്‍ മുഴക്കിയും സ്‌തോത്ര ഗീതം ആലപിച്ചും ദേവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കും

പള്ളിമണികള്‍ മുഴക്കിയും സ്‌തോത്ര ഗീതം ആലപിച്ചും ദേവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കും

തിരുവനന്തപുരം : വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്യുന്ന മെയ് 15 ന് രാവിലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിലെ ദേവാലയങ്ങളില്‍ ദിവ്യബലിയില്‍ ദിവ്യഭോജന പ്രാര്‍ത്ഥനയ്ക്കു ശേഷം നന്ദി സൂചകമായി സ്‌തോത്ര ഗീതം ആലപിക്കും.

അന്നു തന്നെ ഉച്ചകഴിഞ്ഞ് 2.30 ന് ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി കേരള ലത്തീന്‍ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികള്‍ മുഴക്കണമെന്നും നിര്‍ദേശമുണ്ട്.

ഇതു കൂടാതെ തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ.തോമസ് ജെ നെറ്റോ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന അതേ ദിവസം തന്നെ വൈകുന്നേരം അഞ്ചിന് പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെക്കുറിച്ചും കൊടും പീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാന ശ്വാസം വരെയും ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വലമാതൃകയെക്കുറിച്ചും നാമെല്ലാവരും പ്രത്യേകിച്ച് യുവജനങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത സഭാ വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്ന മെയ് 15 ന് ഇറ്റാലിയന്‍ സമയം രാവിലെ പത്തു മണിക്കാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ട ദേവസഹായം ഉള്‍പ്പെടെ പത്ത് പുണ്യാത്മാക്കളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ഇതിനോടനുബന്ധിച്ച് ഭാരതസഭ ദേശീയ തലത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കോട്ടാര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിശുദ്ധ നാമകരണ കമ്മിറ്റിയോടു സഹകരിച്ച് സി.സി.ബി.ഐ ദേശീയ ക്വിസ് മത്സരവും ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, യുവ ജനങ്ങള്‍, വിവാഹിതരായ അത്മായര്‍ എന്നവര്‍ക്കായി ദേശീയ തലത്തില്‍ ലേഖന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

മഹാമാരി സമയത്ത് ദേശീയ തലത്തില്‍ നടത്തപ്പെട്ട തിരുമണിക്കൂറിനു സമാനമായി 2022 ജൂണ്‍ 24 വെള്ളിയാഴ്ച തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ വിദേശത്തും സ്വദേശത്തും ആയിരിക്കുന്ന എല്ലാവരും ഒരു മണിക്കൂര്‍ സംയുക്തമായി പ്രാര്‍ത്ഥനാ മണിക്കൂറായി ആചരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം നാലിന് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്താല്‍ പാവനമാക്കപ്പെട്ട സ്ഥലത്ത് കോട്ടാര്‍, കുഴിത്തുറ രൂപതകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ദേശീയ കൃതജ്ഞതാ ആഘോഷങ്ങളില്‍ ഭാരത സഭയും പങ്കുചേരുമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.