ഉദയ്പുര്‍: കോണ്‍ഗ്രസ് ചിന്തന്‍ ശിവിരിന് ഇന്ന് തുടക്കം. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ഉദയ്പൂരിലെ താജ് ആരവല്ലി റിസോര്‍ട്ടിലാണ് ചിന്തന്‍ ശിവിര്‍ നടക്കുക. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശിബിര്‍ ഉച്ചയ്ക്ക് രണ്ടിന് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സംഘടനാപരമായി പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിവിരിന് ഇന്ന് തുടക്കമാകുന്നത്. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കര്‍ഷകര്‍-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിവിരില്‍ ചര്‍ച്ച നടക്കുക.
രാവിലെ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ അജന്‍ഡകള്‍ വിലയിരുത്തും. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികള്‍ പങ്കെടുക്കും. ചിന്തന്‍ ശിവിരത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ട്രെയിന്‍ യാത്രയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുര്‍ജേവാല പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആള് എത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിവിരിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍, വൈകാതെ അധ്യക്ഷനുമായി.
ശിവിരിന്റെ ക്രമീകരണങ്ങള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ നേതാക്കള്‍ വിലയിരുത്തി. ശിവിര്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് അശോക് ഗഹ്ലോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.