സൂര്യന്റെ 40 ലക്ഷം മടങ്ങ് വലിപ്പം; ആകാശഗംഗയുടെ മധ്യത്തിലെ ഭീമന്‍ തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്ത്

സൂര്യന്റെ 40 ലക്ഷം മടങ്ങ് വലിപ്പം; ആകാശഗംഗയുടെ മധ്യത്തിലെ ഭീമന്‍ തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്ത്

കാലിഫോര്‍ണിയ: സൗരയൂഥം ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമായ ആകാശഗംഗയുടെ മധ്യ ഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ (Black hole) ആദ്യ ചിത്രങ്ങള്‍ പുറത്ത്. യു.എസ് സര്‍ക്കാരിന്റെ സ്വതന്ത്ര ഏജന്‍സിയായ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ (എന്‍.എസ്.എഫ്) ആണ് ചിത്രം പുറത്തുവിട്ടത്. തമോഗര്‍ത്തവും അതിന് ചുറ്റമുള്ള പ്രഭാവലയവുമാണു ചിത്രത്തില്‍. ഗ്യാലക്‌സിക്ക് നടുവിലെ 'സജിറ്റേറിയസ് എ*' എന്ന തമോഗര്‍ത്തത്തിന്റെ ചിത്രമാണ് ഇവന്റ് ഹൊറൈസന്‍സ് ടെലിസ്‌കോപ്പ് ശൃംഖലയുടെ സഹായത്തോടെ പകര്‍ത്തിയത്.

സൂര്യന്റെ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോഗര്‍ത്തം ഭൂമിയില്‍നിന്ന് 26,000 പ്രകാശവര്‍ഷം അകലെയാണ്. ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് പ്രകാശ വര്‍ഷം എന്ന് പറയുന്നത്. പൂര്‍ണമായും തമോഗര്‍ത്തത്തെ കാണുന്ന വിധമുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പും ഈ തമോഗര്‍ത്തതിന്റെ ചിത്രമെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സാധാരണ തമോഗര്‍ത്തങ്ങളെ അപേക്ഷിച്ച് സജിറ്റേറിയസ് എ സ്റ്റാറിനു ചുറ്റും പൊടിയും വാതകപടലങ്ങളുമുള്ളത് ഇവയുടെ ചിത്രമെടുക്കുന്നത് കൂടുതല്‍ ദുഷ്‌കരമാക്കി.



ഇരുണ്ട നിറത്തോടെ ക്ഷീരപഥത്തില്‍ തിളങ്ങിനില്‍ക്കുകയാണ് ഈ തമോഗര്‍ത്തം. തമോഗര്‍ത്തത്തിന്റെ ഗുരുത്വബലം മൂലം വലിയ അളവില്‍ ചൂടുപിടിച്ച വാതകമാണ് പ്രഭാവലയത്തിനു കാരണം. ഇതുവരെ ചിത്രമെടുക്കാന്‍ സാധിച്ച തമോഗര്‍ത്തങ്ങളില്‍ ഇത് രണ്ടാമത്തെ മാത്രമാണ്.

ഭാരം കൂടിയ നക്ഷത്രങ്ങള്‍ രൂപീകൃതമായി ശതകോടി വര്‍ഷങ്ങള്‍ക്ക് ശേഷം അവയുടെ ഇന്ധനം തീരുമ്പോള്‍ വലിയ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കും. ഇത്തരത്തിലെ ഭീകരമായ പൊട്ടിത്തെറികള്‍ സംഭവിക്കുമ്പോഴാണ് ബ്ലാക്ക് ഹോളുകള്‍ രൂപീകൃതമാകുന്നത്. ബ്ലാക്ക് ഹോളുകള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്ന പ്രകാശം ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു വസ്തുവും തിരികെ പുറത്തേക്ക് വരില്ല. അതിഭീകരമായ ഗുരത്വാകര്‍ഷണ ബലമാണ് ബ്ലാക്ക് ഹോളുകള്‍ക്കുള്ളത്. ഇത്തരം കോടിക്കണക്കിന് തമോഗര്‍ത്തങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. ഭൂമി ഉള്‍പ്പെടുന്ന നക്ഷത്രസമൂഹമായ ആകാശഗംഗയില്‍ തന്നെ 10 കോടി തമോഗര്‍ത്തങ്ങളുണ്ട്. ഇതിലൊന്നാണ് ആകാശഗംഗയുടെ മധ്യത്തിലുള്ള തമോഗര്‍ത്തമായ സജിറ്റേറിയസ് എ *.

തമോഗര്‍ത്തങ്ങളെ കണ്ടുപിടിക്കുക ഏറെ ദുഷ്‌കരമായ ജോലിയാണ്. പ്രകാശത്തെ ഇവ ഉള്ളിലേക്ക് വലിച്ചെടുക്കുമെന്നതിനാല്‍ ടെലിസ്‌കോപ്പുകള്‍ക്ക് ഇവയെ കണ്ടെത്താന്‍ കാര്യമായി സാധിക്കാറില്ല. വളരെയധികം ദൂരത്തു സ്ഥിതി ചെയ്യുന്ന തമോഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് പകര്‍ത്തുന്നത്.

ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ വലം വയ്ക്കുന്നതു പോലെ തന്നെ ആകാശ ഗംഗയെന്ന നക്ഷത്ര സമൂഹത്തിലെ പതിനായിരം കോടിയിലധികം വരുന്ന നക്ഷത്രങ്ങള്‍ അതിന്റെ മധ്യത്തിലുള്ള സജിറ്റേറിയസ് എ ബ്ലാക്ക് ഹോളിനെയും വലം വയ്ക്കുന്നുണ്ട്.

മെസിയര്‍ 87 എന്ന നക്ഷത്ര സമൂഹത്തിലെ ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് ഇതിന് മുന്‍പ് പകര്‍ത്താന്‍ സാധിച്ചത്. ഭൂമിയില്‍ നിന്ന് അഞ്ചു കോടി പ്രകാശ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള നക്ഷത്ര സമൂഹമാണ് മെസിയര്‍ 87. ഈ ബ്ലാക്ക് ഹോളിന്റെ ചിത്രം 2019-ലാണ് ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പിലൂടെ തന്നെ പകര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.