പിഎച്ച്.ഡി വിദ്യാര്‍ഥി ചമഞ്ഞ് മുംബൈ ഐ.ഐ.ടി ക്യാമ്പസില്‍: ബിലാല്‍ അഹമ്മദ് തേലിയെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും

പിഎച്ച്.ഡി വിദ്യാര്‍ഥി ചമഞ്ഞ് മുംബൈ ഐ.ഐ.ടി ക്യാമ്പസില്‍: ബിലാല്‍ അഹമ്മദ് തേലിയെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും

മുംബൈ: വിദ്യാര്‍ഥിയെന്ന വ്യാജേന മുംബൈ ഐ.ഐ.ടി ക്യാമ്പസില്‍ കറങ്ങി നടന്ന് പൊലീസ് പിടിയിലായ യുവാവിനെ ഇന്റലിജന്‍സ് ബ്യൂറോയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്യും.

ഗുജറാത്തിലെ സൂറത്ത് സ്വദേശി ബിലാല്‍ അഹമ്മദ് തേലി(22)യെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം ഏഴ് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഐ.ഐ.ടി ക്യാമ്പസിലെ ഒരു സോഫയില്‍ കിടന്ന് ബിലാല്‍ ഉറങ്ങുന്നത് ഐ.ഐ.ടിയിലെ ജീവനക്കാരന്‍ കണ്ടതോടെയാണ് സംഭവം പുറത്തു വന്നത്. ആരാണെന്ന് ജീവനക്കാരന്‍ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ ബിലാല്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ഥിയല്ലെന്നും കുറച്ചു ദിവസങ്ങളായി ക്യാമ്പസില്‍ കറങ്ങി നടക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഐ.ഐ.ടി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിലാല്‍ അറസ്റ്റിലായത്.

സ്വയം പിഎച്ച്.ഡി വിദ്യാര്‍ഥിയാണെന്ന് പരിചയപ്പെടുത്തിയ ബിലാല്‍, വ്യാജ പ്രവേശന രേഖകള്‍ മറ്റുള്ളവരെ കാണിക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലുകളിലെ സോഫകളിലാണ് ഇയാള്‍ ഈ ദിവസങ്ങളില്‍ ഉറങ്ങിയിരുന്നത്.

ക്യാമ്പസിലെ കോഫീ ഷോപ്പുകളിലെ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ ഐ.ഐ.ടിയിലെ നിരവധി പ്രഭാഷണങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുകയും ചെയ്തതായി മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഒരു മാസം ഐ.ഐ.ടി. ക്യാമ്പസില്‍ താമസിച്ചിരുന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ബിലാലിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തെങ്കിലും പല വിവരങ്ങളും നശിപ്പിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ സൈബര്‍ ലാബിലേക്ക് അയച്ചു.

ക്യാമ്പസിന്റെ വീഡിയോ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ആരുമായും അത് പങ്കുവച്ചിട്ടില്ല. 21 ഇ-മെയില്‍ ഐഡികള്‍ ഇയാള്‍ക്കുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തനിക്ക് നിരവധി ബ്ലോഗുകളുണ്ടെന്നും അതിന്റെ ആവശ്യത്തിനായാണ് ഇത്രയും ഇ-മെയില്‍ ഐഡികള്‍ ഉണ്ടാക്കിയതെന്നുമാണ് ബിലാലിന്റെ വിശദീകരണം.

കൂടുതല്‍ പണം സമ്പാദിക്കാനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്നും ബിലാല്‍ വെളിപ്പെടുത്തി. സൂറത്തിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ബിലാലിന്റെ പ്രതിമാസ വരുമാനം 1.25 ലക്ഷം രൂപയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐടിയില്‍ അതീവ താല്‍പര്യമുള്ള ബിലാല്‍, പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റില്‍ ആറ് മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി. വെബ് ഡിസൈനില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമയും ബിലാല്‍ നേടിയിട്ടുണ്ട്. 2024 ല്‍ ബഹ്റിനിലേക്കും അതിനുമുമ്പ് ദുബായിയിലേക്കും യാത്ര ചെയ്തതായും സൂചനയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.