പെറ്റമ്മ കൈവിട്ടു; ഭര്‍ത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകനെ ഹൃദയത്തോട് ചേര്‍ത്ത് എല്‍സി

 പെറ്റമ്മ കൈവിട്ടു; ഭര്‍ത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകനെ ഹൃദയത്തോട് ചേര്‍ത്ത് എല്‍സി

തൃശൂര്‍: മാതൃസ്നേഹം പകരാന്‍ പ്രസവിക്കണമെന്നില്ലെന്ന് തെളിയിക്കുകയാണ് അടാട്ട് ആമ്പലങ്കാവില്‍ എല്‍സി. സ്വന്തം രക്തമല്ലെങ്കിലും ഈ അമ്മ സ്നേഹം ക്രിസ്തു സ്നേഹനെന്ന പതിനഞ്ചുകാരന് എന്നും തണലാണ്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയിലുണ്ടായ മകനെ വെല്ലുവിളികള്‍ക്കിടയിലും സ്വന്തം മകനായി സംരക്ഷിക്കുകയാണ് എഴുപതുകാരിയായ എല്‍സി. അടാട്ട് ആമ്പലങ്കാവില്‍ കടമുറികളോട് ചേര്‍ന്നുള്ള ചായ്പില്‍ മകന്‍ ക്രിസ്തു സ്നേഹനെ ചേര്‍ത്തുപിടിച്ച് കരുതലും സ്നേഹവും വേണ്ടുവോളം നല്‍കുന്നു.

എല്‍സിയുടെ ഭര്‍ത്താവ് കൂടിയായ അച്ഛന്റെ മരണം ക്രിസ്തു സ്നേഹന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. പെറ്റമ്മ നോക്കാതിരുന്നപ്പോള്‍ ഒന്നേകാല്‍ വയസുള്ള കുഞ്ഞിനെ എല്‍സി സ്വന്തം വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു. അവന്‍ അവിടെ മൂന്നാമത്തെ മകനായി വളര്‍ന്നു. കുഞ്ഞിനെ അനാഥാലയത്തിലാക്കണമെന്ന് പറഞ്ഞ ഉറ്റവര്‍ക്ക് എല്‍സി ചെവികൊടുത്തില്ല. ഇപ്പോള്‍ എല്‍സിയെന്ന അമ്മത്തണല്‍ ആവോളം ആസ്വദിക്കുകയാണ് ക്രിസ്തു സ്നേഹന്‍.

വീട്ടുവേല ചെയ്താണ് എല്‍സി മകനെ വളര്‍ത്തുന്നത്. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ക്രിസ്തു സ്നേഹന്‍. ആമ്പലങ്കാവിലെ വാടകവീടിനെ വീടെന്ന് പറയാനാകില്ല. കഷ്ടിച്ച് രണ്ടുപേര്‍ക്കിരിക്കാം. അതും ചവിട്ടുപടിയില്‍. പഴകിയ കസേരകളുണ്ടെങ്കിലും ഇടാന്‍ സ്ഥലമില്ല. ആകെയുള്ള ചെറിയ മുറി നിറഞ്ഞ് കട്ടില്‍.

2500 രൂപയാണ് വാടക. ചിറ്റിലപ്പിള്ളിയില്‍ രണ്ടരസെന്റിലായിരുന്നു ഇവരുടെ വീട്. ആ വീട് പിന്നീട് വിറ്റു. വിറ്റുകിട്ടിയ പണം മക്കള്‍ക്ക് കൊടുത്തു. പുതിയൊരു വീട് വയ്ക്കാന്‍ പണമുണ്ടായില്ല. അതുകൊണ്ട് ചിറ്റിലപ്പിള്ളിയില്‍ത്തന്നെ വാടകയ്ക്കായിരുന്നു താമസം. പിന്നീടാണ് ആമ്പലങ്കാവില്‍ വാടകയ്ക്കെത്തിയത്. നൊന്ത് പ്രസവിച്ച കുഞ്ഞിനെപ്പോലും വഴിയരികില്‍ ഉപേക്ഷിക്കുന്ന ഒരു തലമുറയ്ക്കും സമൂഹത്തിനും മാതൃസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്‍സി സ്വന്തം പ്രവര്‍ത്തിയിലൂടെ പകര്‍ന്നു നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.