'നിസാര ഹര്‍ജിയുമായി വരാതെ പോയി സ്‌കൂളും റോഡും ഒരുക്കൂ'; കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശകാരം

 'നിസാര ഹര്‍ജിയുമായി വരാതെ പോയി സ്‌കൂളും റോഡും ഒരുക്കൂ'; കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശകാരം

ന്യൂഡല്‍ഹി: നിസാര ഹര്‍ജിയുമായി വരാതെ സ്‌കൂളുകളും റോഡും അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോയൊരുക്കാന്‍ കേരള സര്‍ക്കാരിനെ ശകാരിച്ച് സുപ്രീം കോടതി. യു.ഡി ക്ലാര്‍ക്കിന് പ്രമോഷന്‍ അനുവദിച്ചതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിനെ ശാസിച്ചത്.

താമരശേരി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് എന്‍.എസ് സുബീറിന് സീനിയോറിറ്റി അനുവദിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി വന്നിരുന്നു. ഹൈക്കോടതിയും ഇത് ശരിവച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം  കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ചയുടന്‍ ഇത് സുപ്രീം കോടതിയില്‍ വരേണ്ടതാണോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇത്തരം നിസാര ഹര്‍ജിയുമായി വരാതെ സ്‌കൂളും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രമോഷനായ സമയത്ത് വേതനമില്ലാതെ അവധിയിലായിരുന്നു ഉദ്യോഗസ്ഥനെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് അമീദ് അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും കോടതി പറഞ്ഞു. നിയമ കോടതി മാത്രമല്ല നീതിന്യായ കോടതിയുമാണ് തങ്ങളെന്നും വ്യക്തമാക്കിയാണ് കോടതി സര്‍ക്കാര്‍ ഹര്‍ജി തളളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.