ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് വീണ്ടുമൊരു നഷ്ടം; മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് വീണ്ടുമൊരു നഷ്ടം; മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു

ബ്രിസ്ബന്‍: മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്‌സ് (46) ക്വീന്‍സ് ലാന്‍ഡിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി 11 മണിക്കു ശേഷം ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലെയിലുള്ള വീടിന് സമീപമാണ് അപകടമുണ്ടായത്. ടൗണ്‍സ്വില്ലെയില്‍നിന്ന് 50 കിലോമീറ്റര്‍ മാറി ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹെര്‍വി റേഞ്ച് റോഡില്‍ വച്ച് കാര്‍ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാരുണമായ ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. ഈ വര്‍ഷമാദ്യം സംഭവിച്ച, ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റെയും റോഡ് മാര്‍ഷിന്റെയും മരണത്തില്‍ നിന്ന് മോചിതരായി വരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്‌സിന്റെ വിയോഗം.

ഓസ്‌ട്രേലിയക്കായി ആന്‍ഡ്രു സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളും 14 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2003, 2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു സൈമണ്ട്സ്.

198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 1998 -ല്‍ പാകിസ്താനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്. 2012-ലാണ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.