ഉദയ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ചിന്തന്‍ ശിവിരിലെ പ്രസംഗത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും ഇത് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിന്തന്‍ ശിവിരിലെ തീരുമാന പ്രകാരം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമാകും ഇനി മുതല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുക. കോണ്‍ഗ്രസിനോടുളള ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. ഡിസിസികളിലും നേതൃത്വത്തിലും യുവാക്കള്‍ക്ക് പ്രാതിനിധ്യമുണ്ടാകണമെന്നും ചിന്തന്‍ ശിവിരില്‍ നിര്‍ദേശമുണ്ടായി. ദേശീയ തലത്തില്‍ രാഷ്ട്രീയകാര്യ സമിതി കോണ്‍ഗ്രസിനുണ്ടാകും. സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും.
രാജ്യത്തെ സമ്പദ്വ്യവസ്ഥ തകര്‍ന്നതായും തൊഴിലില്ലായ്മ ഇത്രയധികം ഉയരത്തിലെത്തിയ കാലം വേറെയുണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കുന്ന നട്ടെല്ല് പ്രധാനമന്ത്രി നരേന്ദ്ര മോഡി തകര്‍ത്തതായും രാഹുല്‍ ആരോപിച്ചു.
എല്ലാത്തരം ജനങ്ങള്‍ക്കും വേണ്ടിയല്ല പ്രാദേശിക പാര്‍ട്ടികള്‍, കോണ്‍ഗ്രസാണ് എല്ലാത്തരം ജനങ്ങള്‍ക്കും വേണ്ടിയുളള പാര്‍ട്ടി. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളുമായുളള ആശയ വിനിമയം കാത്തു സൂക്ഷിക്കണം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളോടാണ് തന്റെ യുദ്ധം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. താനൊരു അഴിമതിക്കാരനല്ല, ഈ രാജ്യത്ത് നിന്നും ഒരു രൂപ പോലും തട്ടിയെടുത്തിട്ടില്ല. അതിനാല്‍ സത്യം പറയാന്‍ തനിക്ക് ഭയമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.